എടപ്പാള്‍: ഇനി ഭൂനികുതിയടച്ച രസീത് ഇനി മൊബൈല്‍ഫോണില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഇതിനായി നികുതിയടയ്ക്കുന്നതോടൊപ്പം മൊബൈല്‍നമ്പര്‍കൂടി നല്കിയാല് മതി. എന്നാല്‍ മൂന്നുതവണ മാത്രമേ രസീത് പ്രിന്റെടുക്കാനാകൂവെന്നുമാത്രം. വില്ലേജ് ഓഫീസുകളില്‍ ഇ-പേയ്മെന്റ് വഴി നികുതിയടയ്ക്കുന്നവര്ക്കായി ഈ സംവിധാനമൊരുക്കിയത് റെലിസ് സോഫ്റ്റ്വേര്‍ ചുമതലക്കാരായ പാലക്കാട് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍ഐസി.)ആണ്.
വില്ലേജുകളില്‍ പ്രിന്ററും ടോണറുമില്ലാത്തതെല്ലാം ഇ-രസീത് നല്‍കുന്നതിന് പലപ്പോഴും തടസ്സമാകാറുണ്ട്.
ഇതിന് പരിഹാരമായാണ് പുതിയ സംവിധാനം. നികുതിയടയ്ക്കുന്നതോടൊപ്പം നല്കുന്ന നമ്പറില്‍ ഉടന്‍തന്നെ ഒരു ലിങ്ക് വരും. ഈ ലിങ്ക് ഡൗണ്‍ലോഡ് ചെയ്താല്‍ നമ്മുടെ നികുതിരസീത് കാണാനാകും. അതിന്റെ പ്രിന്റെടുത്താല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.
രസീതിലെ ക്യൂആര്‍ കോഡ് സ്കാന്‍ചെയ്താല്‍ ഏത് വകുപ്പുകള്‍ക്കും ഇതിന്റെ ആധികാരികത ബോധ്യപ്പെടും. റെലിസ് സോഫ്റ്റ്വേറില് കയറിയും ഇത് പരിശോധിക്കാം. ഭൂമി കൈമാറ്റം ചെയ്തോയെന്നും ഇതുപയോഗിച്ച് പരിശോധിക്കാനാകും. എന്നാല്‍ പരമ്പരാഗത നികുതിരസീതുകൊണ്ട് ഇത് അസാധ്യവുമാണ്. ഒരിക്കല്‍ അടച്ചാല്‍ അടുത്ത കൊല്ലംവരെ ഭൂമിവിറ്റാലും അതുപയോഗിച്ച് പലതും ചെയ്യാനുമാകും.