പട്ടാമ്പി: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി ലീഡറുമായ ജസീന്ത ആര്‍ഡേനിന്റെ കത്ത് കിട്ടിയതിന്റെ സന്തോഷത്തിലാണ് പട്ടാമ്പിക്കാരിയായ ആയിഷ ഷെമീര്‍. സ്ത്രീശാക്തീകരണം എന്ന വിഷയത്തില്‍ ആയിഷ എഴുതിയ കത്തിനാണ് ജസീന്ത ആര്ഡേന് മറുപി നല്‍കിയത്.
ആയിഷയുടെ കത്ത് ജസീന്തയെ ആകര്‍ഷിച്ചു. ആയിഷയുടെ ഇമെയില്‍ സന്ദേശത്തിന് സ്വന്തം കയ്യൊപ്പോടു കൂടിയാണ് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി മറുപടി നല്‍കിയത്. ” പ്രിയ ആയിഷ, നിങ്ങളുടെ ഇമെയിലിനു വളരെയധികം നന്ദി. നിങ്ങളുടെ ദയവുള്ള വാക്കുകള്‍ വായിക്കുമ്പോള്‍ എനിക്ക് വളരെ വിനയം തോന്നി.
ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും ശക്തമായ നടപടി സ്വയം സ്നേഹിക്കുകയാണെന്നും നിങ്ങള്‍ പറയുന്നതുപോലെ ‘അവള്‍ക്കു കഴിയുമെന്ന് ഒരിക്കലും വിശ്വസിക്കാത്തവര്‍ക്കിടയില്‍ തിളങ്ങുക’ എന്നതാണെന്നും നിങ്ങള്‍ വിശ്വസിക്കുന്നതു ശരിയാണ്. എന്നാല്‍, നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്നത് അവഗണിക്കാന്‍ പഠിക്കുക എന്നതാണ്. എന്തും ചെയ്യുക. ഒരു ‘സാധാരണ സ്ത്രീ’ എന്നൊരു കാര്യമുണ്ടെന്നു ഞാന്‍ കരുതുന്നില്ല. എനിക്ക് എഴുതിയതിനു വീണ്ടും നന്ദി, ആയിഷ. വിശ്വസ്തതയോടെ, ജസിന്‍ഡ ആര്‍ഡേണ്‍”- എന്നായിരുന്നു ജസീന്തയുടെ മറുപടി.
കൊടലൂര്‍ കൊട്ടാരത്തില്‍ ഷെമീറിന്റെ ഭാര്യയാണ് ആയിഷ. മുഹമ്മദ് സ്വാലിഹ്, ഫാത്തിമ സയ, മറിയം നൈല എന്നിവര്‍ മക്കളാണ്. ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ആയിഷയുടെ കത്ത് സ്വീകരിക്കുകയും മറുപടി അയയ്ക്കുകയും ചെയ്തതോടെ കൊടലൂര്‍ ഗ്രാമത്തിന്റെ അഭിമാനമായിരിക്കയാണ് ഇംഗ്ലിഷ് ബിരുദാനന്തര ബിരുദം നേടാന്‍ ശ്രമിക്കുന്ന 26 വയസ്സുകാരി വീട്ടമ്മ.