ആലപ്പുഴ: കോണ്‍ക്രീറ്റ് മിക്സിറുമായെത്തിയ ലോറി തോട്ടിലേക്ക് മറിഞ്ഞു. ആലപ്പുഴ തകഴിയിലാണ് അപകടം സംഭവിച്ചത്. തകഴി പടഹാരം പാലം പണിക്കായി കോണ്‍ക്രീറ്റ് മിക്സിംഗുമായി പോയ ലോറിയാണ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്.
ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടതു കൊണ്ട് അപകടം ഒഴിവായി. പടഹാരം വൈക്കം ക്ഷേത്രത്തിന് സമീപം വച്ച് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. കോണ്‍ക്രീറ്റ് മിക്സിംഗുമായെത്തിയ ലോറി റോഡിന്റെ വശം ഇടിഞ്ഞ് തോട്ടിലേക്ക് മറിയുകയായിരുന്നു.
മാസങ്ങളായി പൊട്ടി കിടന്ന കുടിവെള്ള പെപ്പ് നന്നാക്കാഞ്ഞതാണ് അപകട കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഭാരം കയറ്റിയെത്തുന്ന വലിയ വാഹനങ്ങള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് റോഡില്‍ വന്‍ കുഴിയാണ് രൂപപ്പട്ടിരിക്കുന്നത്.
കുഴി നികത്തി റോഡ് ശരിയാക്കിയില്ലെങ്കില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അധികൃതര്‍ ഇതിന് പരിഹാരം ഉടന്‍ കണ്ടെത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.