മലപ്പുറം: മലപ്പുറം മമ്പാടില്‍ ഭൂമി അനങ്ങി. അനക്കത്തിന്റെ ആഘാതത്തില്‍ വീടുകളില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് 73 കുടുംബങ്ങള്‍ വീടൊഴിഞ്ഞു. എന്നാല്‍ ഇത് ഭൂകമ്പമല്ലെന്നും ശക്തമായ മഴയും ഒഴുക്കും മൂലം ഭൂഗര്‍ഭ ജലത്തിലുണ്ടായ വ്യതിയാനം മൂലം ഉണ്ടാകുന്ന മണ്ണിടിച്ചില്‍ കൊണ്ട് സംഭവിച്ചതാണെന്നും ജിയോളജി വകുപ്പിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു.
അധികൃതര്‍ ഇത് പറയുന്നുണ്ടെങ്കിലും മമ്പാട്, കൊങ്ങൂര്‍, പൂച്ചപ്പാറ കുന്ന് എന്നിവിടങ്ങളിലെ പ്രദേശവാസികള്‍ ഭൂചലന ഭീതിയിലാണ്. വെള്ളിയാഴ്ച രാത്രി കനത്ത മഴയ്ക്കിടെ വലിയ ശബ്ദമുണ്ടായെന്നും ഭൂമിയില്‍ വിറയല്‍ അനുഭവപ്പെട്ടെന്നും അനുഭവസ്ഥര്‍ പറയുന്നു. ചുവരുകളില്‍ വിള്ളലും കണ്ടതോടെ ഭൂരിഭാഗം കുടുംബങ്ങളും വീടുകള്‍ ഒഴിഞ്ഞ് ബന്ധുവീടുകളിലേയ്ക്ക് പോയി.
അതെ സമയം ഇന്നലെയും പ്രകമ്പനമുണ്ടായതിനെ തുടര്‍ന്ന് ഏഴു വീടുകള്‍ക്കാണ് വിള്ളലുണ്ടായത്. ഇത് പ്രദേശത്ത് കൂടുതല്‍ ഭീതി സൃഷ്ടിച്ചിരിക്കയാണ്. പ്രളയത്തിനൊപ്പം സംസ്ഥാനത്ത് ഭൂചലനവും ഉണ്ടാകുമോയെന്ന ഭീതിനിലനില്ക്കുന്നുണ്ട്.