പാലക്കാട്: വീട്ടുകാര്‍ അറിയാതെ കാമുകിയെ പത്ത് വര്‍ഷം യുവാവ് മുറിയില്‍ ഒളിവില്‍ താമസിപ്പിച്ച സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് ആവര്‍ത്തിച്ച് പൊലീസ്. സംസ്ഥാന വനിതാ കമ്മീഷന് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സംഭവത്തില്‍ മുറിയില്‍ കഴിഞ്ഞ യുവതി സജിതയും റഹ്മാനും നല്കിയ മൊഴികളില്‍ പൊരുത്തക്കേടില്ലെന്നും പോലീസ് നല്കിയ റിപ്പോര്‍ട്ടില്‍ ചുണ്ടിക്കാട്ടുന്നതായാണ് വിവരം.
സാഹചര്യ തെളിവുകളും മൊഴികളും പരിശോധിച്ചതില്‍ നിന്നും ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍, ഇന്ന് സംസ്ഥാന വനിതാ കമ്മീഷന് നെന്മാറയിലെത്തി തെളിവ് എടുക്കാനിരിക്കെയാണ് പൊലീസ് നിലപാട് ആവര്‍ത്തിക്കുന്നത്.
ഇ-മെയില്‍ മുഖേനയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തെ സംസ്ഥാന യുവജന കമ്മീഷനും തെളിവെടുത്തിരുന്നു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് മേധാവിയോടും കമ്മീഷന് നിര്‍ദേശിച്ചിരുന്നു. അതേസമയം, നെന്മാറ പൊലീസ് തങ്ങള്‍ക്ക് അനൂകുലമായി നല്കിയ റിപ്പോര്‍ട്ടില്‍ സന്തോഷമുണ്ടെന്നായിരുന്നു വാര്‍ത്തയോട് സജിതയുടെ പ്രതികരണം.
സംഭവത്തിന്റെ പേരില്‍ റഹ്മാന് എതിരെ കേസ് എടുക്കരുത് എന്നാണ് ആവശ്യപ്പെടാനുള്ളത്. തങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്നും സജിത മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോള്‍ സന്തോഷത്തോടെയാണ് കഴിയുന്നത്. ഇനിയും അങ്ങനെ തന്നെ ഇരിക്കണമെന്നാണ് ആഗ്രഹമെന്ന് സജിത പറഞ്ഞു.
ഇക്കായ്ക്ക് എതിരെ എന്തിനാണ് നടപടി എടുക്കുന്നത് എന്ന് അറിയണം. വനിതകളുടെ സംരക്ഷണത്തിനാണ് വനിതാ കമ്മീഷന്, എന്റെ ഇക്കയല്ലാതെ ആരെന്നെ സംരക്ഷിക്കുമെന്നാണ് ഇവര്‍ പറയുന്നത്. എന്റെ ഇഷ്ടത്തോടെയും സമ്മതത്തോടെയുമാണ് ഇപ്പോഴും റഹ്മാന് ഒപ്പം നില്‍ക്കുന്നതെന്നും സജിത വ്യക്തമാക്കുന്നു.