ശാസ്താംകോട്ട: കുടുംബകലഹത്തെത്തുടര്‍ന്ന് രണ്ട് മക്കള്‍ക്ക് വിഷം നല്കിയ ശേഷം വിഷം കഴിച്ച മാതാവ് ജീവനൊടുക്കി. പോരുവഴി അമ്പലത്തുംഭാഗം മേലൂട്ട് കോളനിയില്‍ ശ്രീജിത്ത് ഭവനില്‍ ശ്രീജിത (30) ആണ് മരിച്ചത്. മക്കളായ അനുജിത്ത് (ഒമ്പത്), അനുജിത (ആറ്) എന്നിവര്‍ ഗുരുതരാവസ്ഥയിലാണ്.
ഇരുവരും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബകലഹമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ച രാത്രി 10 ഓടെ മക്കള്‍ക്കൊപ്പമുള്ള സെല്‍ഫി ശ്രീജിത ‘അവസാന സെല്‍ഫി’ എന്ന അടിക്കുറിപ്പോടെ വാട്സ്ആപ് സ്റ്റാറ്റസ് ഇട്ടിരുന്നു.
സമീപത്ത് താമസിക്കുന്ന സഹോദരന് ഇതുകണ്ട് വിവരം തിരക്കാനായി എത്തുമ്പോള്‍ ശ്രീജിതയും മക്കളും ഛര്‍ദിച്ച് അവശരായി കിടക്കുന്നതാണ് കാണുന്നത്. ഈ സമയം ഭര്‍ത്താവ് അനില്‍കുമാര്‍ ഉറക്കത്തിലായിരുന്നു. മൂന്നുപേരെയും ഉടന്‍ ശാസ്താംകോട്ട താലൂക്ക് ആശുപതിയില്‍ എത്തിച്ചു.
എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി അവിടെ നിന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ബുധനാഴ്ച വൈകീട്ടോടെ ശ്രീജിത മരിച്ചു. കുട്ടികളില്‍ ഒരാളുടെ നില അതിഗുരുതരമാണ്. അനില്‍കുമാര്‍ സ്ഥിരമായി ശ്രീജിതയുമായി വഴക്കിടാറുണ്ടെന്നും മര്‍ദിക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.