തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി വിളിച്ചു വരുത്തിയ ദുരന്തമാണെന്ന് തുറന്നടിച്ച് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍. ദുരന്തത്തിന് കാരണം ഭൂമിയും മണ്ണും മലയാളികള്‍ തലതിരിഞ്ഞ രീതിയില്‍ ഉപയോഗിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ഉണ്ടാവുമായിരുന്ന ജനകീയമായ പാരസ്ഥിതിക സംരക്ഷണം പ്രകൃതിക്ഷോഭം നേരിടുന്നത് കൂടുതല്‍ ലളിതമാകുമായിരുന്നുവെന്നും ഗാഡ്ഗില്‍ പറയുന്നു.
വിശദമായ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ നല്‍കിയിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കണമെന്നായിരുന്നു ശുപാര്‍ശ. എന്നാല്‍ ഒന്നും നടപ്പായില്ല. ‘കേരളത്തിലെ കാര്യങ്ങള്‍ ആശങ്കാജനകമാണ്. വലിയ പേമാരിയാണ് കേരളത്തില്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇത് കാലവര്‍ഷത്തില്‍ നിന്നുണ്ടായ മനുഷ്യനിര്‍മിത ദുരന്തമാണ്. മഴ പെയ്യുന്നത് മാത്രമല്ല ഇതിന് കാരണം. റിപ്പോര്‍ട്ട് നടപ്പിലാക്കിയിരുന്നെങ്കില്‍ ദുരന്തം ഉണ്ടാവില്ലായിരുന്നു എന്നൊന്നും അവകാശപ്പെടുന്നില്ല.
എന്നാല്‍ ദുരന്തത്തിന്റെ വ്യാപ്തി തീര്‍ച്ചയായും കുറയ്ക്കാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാലത്തിനിടയില്‍ കൈയ്യേറ്റം കുത്തനെ വര്‍ധിച്ചു. ജലാശയങ്ങളും ഭൂഗര്‍ഭജലം സംരക്ഷിക്കേണ്ട തണ്ണീര്‍ത്തടങ്ങളും കയ്യേറ്റം ചെയ്യപ്പെടുന്നു. അതുകൊണ്ട് വെള്ളത്തിന്റെ ഒഴുക്ക് ഗുരുതരമായി മാറി. മണ്ണിടിച്ചിലിന് പാറമടകള്‍ കാരണമായി. ഗാഡ്ഗില്‍ പറയുന്നു.