പൊന്‍കുന്നം: തലകുത്തി നിന്ന് ചിത്രം വരച്ച് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കി വിദ്യാര്‍ത്ഥി. എലിക്കുളം ഉരുളികുന്നം സ്വദേശിയായ ഓട്ടുക്കുന്നേല് ഒ.ഡി. ഷാജുവിന്റെയും ഷൈനിയുടെയും മകന് ഒ.എസ്. ശിവകുമാറിനാണ് ഈ നേട്ടം.
ചങ്ങനാശ്ശേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷനിലെ അനിമേഷന്‍ ആന്‍ഡ് ഗ്രാഫിക്സ് ഡിസൈനിങ് വിദ്യാര്‍ഥിയാണ് ശിവകുമാര്‍. ഈ കലാകാരനെ തേടിയെത്തിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടംപിടിച്ച ഇരട്ടനേട്ടമാണ്.
തലകുത്തി നിന്ന് കുറഞ്ഞ സമയംകൊണ്ട് ചിത്രരചനയില്‍ കാട്ടിയ മികവിനാണ് രണ്ട് റെക്കോഡ് ബുക്കിലും ഇടംകിട്ടിയത്. മുമ്പ് പാലക്കാട് സ്വദേശി പ്രവീണ്‍ മോഹന്‍ ഒരുദിവസം വരച്ച ആറുചിത്രങ്ങളുടെ റെക്കോഡിനെയാണ് ശിവകുമാര്‍ 10 ചിത്രം വരച്ച് മറികടന്നത്.
ഒറ്റദിവസംകൊണ്ട് 10 ചിത്രവും പൂര്‍ത്തിയാക്കി. പോര്‍ട്രെയിറ്റ് വിഭാഗത്തിലെ രചനകളാണ് നടത്തിയത്. മദര്‍ തെരേസ, എ.പി.ജെ. അബ്ദുല്‍കലാം, ജവഹര്‍ലാല്‍ നെഹ്റു, സചിന് ടെണ്ടുല്കര്, ഭഗത് സിങ് തുടങ്ങി പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രമാണ് രചിച്ചത്. കടലാസില്‍ മാര്‍ക്കര്‍ പേനകൊണ്ടായിരുന്നു രചന. ചിത്രരചനയുടെ സമയം രേഖപ്പെടുത്തിയ വിഡിയോയാണ് ബുക്ക് ഓഫ് റെക്കോഡ്സ് അധികൃതര്‍ക്ക് അയച്ചുനല്‍കിയത്.