കണ്ണൂര്‍: അച്ഛന്റെയും അമ്മയുടെയും മക്കളുടെയുമെല്ലാം ജന്മദിനം ഒരേ ദിവസം. കണ്ണൂര്‍ സ്വദേശിയായ അനീഷ് കുമാറിന്റെ കുടുംബമാണ് മെയ് 25ന് ഒന്നിച്ച് പിറന്നാള്‍ ആഘോഷിക്കുന്നത്. അനീഷ് കുമാറിന്റെയും ഭാര്യ അജിതയുടെയും മക്കളായ ആരാധ്യയുടെയും ആഗ്നേയിന്റെയും പിറന്നാള്‍ മെയ് 25നാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നു തന്നെ വിളിക്കാവുന്ന സവിശേഷതയാണ് അനീഷിന്റെ കുടുംബത്തിന്റേത്.
പത്ത് വര്‍ഷം മുന്‍പാണു അനീഷ് കുമാറും അജിതയും വിവാഹിതരാകുന്നത്. ആലോചന വരുമ്പോള്‍ത്തന്നെ തങ്ങള്‍ക്കിടയില്‍ യാദൃച്ഛികമായി സംഭവിച്ച ഒരു സാമ്യം അവര്‍ ശ്രദ്ധിച്ചിരുന്നു. ഇരുവരുടെയും ജന്മദിനം ഒരേ ദിവസമാണ്. രണ്ടാള്‍ക്കും ഒരുമിച്ചു പിറന്നാള്‍ ആഘോഷിക്കാമല്ലോ എന്നൊക്കെ അന്നു ചിലര്‍ തമാശയായി പറഞ്ഞു.
എന്നാല്‍ അവിടം കൊണ്ടും തീര്‍ന്നില്ല, 2012ല്‍ ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. അതും അനീഷിന്റെയും അജിതയുടെയും ജന്മദിനത്തില്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 2019ല്‍ മകന് ജനിച്ചു. മറ്റു മൂവരുടെയും ജന്മദിനത്തിലായിരുന്നു അത്. അങ്ങനെ മേയ് 25 കുടുംബത്തിലെ എല്ലാവരുടെയും ജന്മദിനമായി.
1981 മേയ് 25നാണ് അനീഷ് ജനിച്ചത്. അജിതയുടെ ജന്മദിനം 1987 മേയ് 25ന്. 2012 മേയ് 25ന് മകള്‍ ആരാധ്യയും 2019 മേയ് 25 ന് മകന് ആഗ്നേയും ജനിച്ചു. ഈ സംഭവം അറിയുമ്പോള്‍ എല്ലാവരും അദ്ഭുതപ്പെടാറുണ്ട്. മക്കളുടെ ജനനവും യാദൃച്ഛികമായി ഇതേ ദിവസം തന്നെ സംഭവിച്ചതാണെന്നും അങ്ങനെയാകാന്‍ ഒന്നും ചെയ്തിട്ടില്ലെന്നും അനീഷ് പറയുന്നു.
‘കഴിഞ്ഞ വര്‍ഷം മുതലാണ് ഞങ്ങളുടെ ഫോട്ടോ ഒക്കെ വെച്ച് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. ഇത്തരത്തില്‍ സവിശേഷതയുള്ള മറ്റേതെങ്കിലും കുടുംബത്തെക്കുറിച്ച് കേട്ടിട്ടില്ല. യാദൃച്ഛികമായി സംഭവിച്ച ഈ സാമ്യതയില്‍ സന്തോഷമേ ഉള്ളൂ’- അനീഷ് കൂട്ടിച്ചേര്‍ത്തു.