ചവറ: കായലില്‍ വള്ളം മറിഞ്ഞ് പന്മന വട്ടക്കായലില്‍ കാണാതായ കരുനാഗപ്പള്ളി തുറയില്‍ക്കുന്ന് മംഗലശേരില്‍ സുരേന്ദ്രന്റെ മകന് 22കാരനായ സുദിയുടെ മൃതദേഹം കണ്ടെത്തി. ദേശീയ ജലപാതയില്‍ കരുനാഗപ്പള്ളി കോഴിക്കോട് പത്മനാഭന് ജെട്ടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് ചൂണ്ടയിട്ടു മീന്‍പിടിക്കുന്നതിനിടെ കാറ്റിലും മഴയിലുംപെട്ട് വള്ളം മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന 2 സുഹൃത്തുക്കള്‍ നീന്തി രക്ഷപ്പെട്ടു. പൊന്മന ഇടത്തുരുത്ത് ഭാഗത്തായിരുന്നു അപകടം നടന്നത്.
അഗ്നിരക്ഷാസേന സംഘവും പോലീസും 2 ദിവസം തെരച്ചില്‍ നടത്തിയെങ്കിലും സുദിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനടുത്ത ദിവസം തെരച്ചില്‍ പുനരാരംഭിക്കാനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. ഐടിഐ പഠനം കഴിഞ്ഞ് നില്‍ക്കുകയായിരുന്നു സുദി. മാതാവ്: ഉഷ. സഹോദരന്: സുബിന്.