തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന് രക്ഷാ മരുന്നുകളും ഓക്സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നാണ് ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചിരിക്കുന്നത്.
ഓക്സിജന്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള ടാങ്കറുകള്‍ സര്‍വീസ് നടത്തുന്നതിനായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ സേവനം നാളെ ( മേയ് 13) മുതല്‍ ലഭ്യമാക്കും. ഇതിനായി സന്നദ്ധത അറിയിച്ച ഡ്രൈവര്‍മാരുടെ ആദ്യ ബാച്ചിലെ 35 പേര്‍ക്ക് നാളെ പാലക്കാട് മോട്ടോര്‍ വാഹന വകുപ്പ് പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്ന ഡ്രൈവര്‍മാരുടെ സേവനം രാത്രിയോടെ ഇനോക്സ് കമ്പനിയുടെ ഓക്സിജന്‍ ടാങ്കറില്‍ ലഭ്യമാക്കുമെന്നും ബിജു പ്രഭാകര്‍ അറിയിച്ചു.
450 തില്‍ അധികം പേരാണ് വിവിധ വിഭാഗങ്ങളില്‍ നിന്നും സന്നദ്ധ സേവനത്തിലായി താല്പര്യം അറിയിച്ചത്. അതില്‍ നിന്നുള്ള ആദ്യ ബാച്ചിലെ 35 ഡ്രൈവര്‍മാര്‍ക്കാണ് നാളെ പരിശീലനം നല്‍കുന്നത്. തുടര്‍ന്ന് മേയ് 14 ന് കൊച്ചിയില്‍ നിന്നുള്ള 25 ഡ്രൈവര്‍മാരെ പരിശീലനം നല്കി റിസര്‍വായി വെയ്ക്കും. ഇവരെ വീണ്ടും അത്യാവശ്യം വരുന്ന സാഹചര്യത്തില്‍ ഉപയോഗിക്കുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.