ലക്കിടി: കാശ്മീരില്‍ മഞ്ഞുമലയിടിഞ്ഞു മരിച്ച സൈനികന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട. കറുവന്തോട് പണിക്കശ്ശേരി വീട്ടില്‍ സി.പി.ഷിജിക്കാണ് ഉറ്റവരും നാടും വിട ചൊല്ലിയത്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം അകലം പാലിച്ചുനിന്ന് നാടൊന്നാകെ ഷിജിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
28 മദ്രാസ് റജിമെന്റിലെ സൈനികനായിരുന്ന ഷിജി സ്ഥാനക്കയറ്റത്തെ തുടര്‍ന്നാണ് കശ്മീരിലേക്ക് പോയത്. കഴിഞ്ഞ ചൊവ്വാഴ്ച ദ്രാസ് സെക്ടറില്‍ ഉണ്ടായ മഞ്ഞിടിച്ചിലിലാണ് ഷിജി മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30ന് വിമാനമാര്‍ഗമാണ് ഭൗതിക ശരീരം നെടുമ്പാശ്ശേരിയില്‍ എത്തിയത്.
ഇന്നലെ പുലര്‍ച്ചെ നാലോടെ ലക്കിടിയിലെത്തി. എഡിഎം ടി.ജനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി ജന്മനാടായ പൊഴുതന എത്തിച്ചു. ഭൗതിക ശരീരം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം തറവാട്ട് വീടായ കുറിച്യാര്‍മല പണിക്കശേരി വീട്ടുവളപ്പില്‍ പൂര്‍ണ്ണ സൈനിക ബഹുമതികളോടെ സംസ്ക്കരിച്ചു.
വീട്ടിലെത്തിച്ച അച്ഛനെ അവസാനമായി കണ്ടതോടെ പതിമൂന്നുകാരനായ മകന് അഭിനവ് പൊട്ടിക്കരഞ്ഞു. ചേട്ടന്റെ കരച്ചില് കേട്ടതോടെ ഒന്നര വയസ്സുകാരി അമേയയും അച്ഛനെ വിളിച്ച് കരച്ചിലായി. പട്ടാളക്കാരന്റെ മകന് കരയരുതെന്നു പറഞ്ഞ് അടുത്ത ബന്ധുക്കള്‍ അഭിനവിന്റെ കരച്ചിലടക്കി.
പിന്നീട് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരച്ചടങ്ങുകള്‍ നടന്നു. സൈനിക അന്ത്യോപചാരച്ചടങ്ങുകള്ക്ക് 122 ടെറിട്ടോറിയല്‍ ആര്‍മി ക്യാപ്റ്റന്‍ അനിരുദ്ധന് കാലെ, സുബേദാര്‍ മേജര്‍ അശോകന് എന്നിവര്‍ നേതൃത്വം നല്കി. ടി.സിദിഖ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കലക്ടര്‍ അദീല അബ്ദുല്ല, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.