കോഴിക്കോട്: തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മകളുടെ വിയോഗത്തെക്കുറിച്ച് അബ്ദുള്‍ ഹക്കീം എന്നയാള്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ കണ്ണുനനയിക്കുന്നത്. ഹൃദ്യ എന്ന യുവതിയുടെ മരണത്തെക്കുറിച്ചാണ് അബ്ദുള്‍ ഹക്കീമിന്റെ കുറിപ്പ്.
ശ്വാസകോശത്തെ കീഴടക്കിയ അര്‍ബുദത്തെ കീമോ കൊണ്ട് തോല്‍പ്പിക്കാനായില്ല. മൂന്ന് മാസം കൊണ്ട് ബ്രയിനിലേക്കു കൂടി പാഞ്ഞുകയറാനുള്ള ഉത്സാഹമായിരുന്നു അതിന്. ചെറുപ്പത്തിന്റെ കരുത്തും മരുന്നിന്റെ പിന്‍ബലവും അവള്‍ക്ക് രക്ഷയായില്ല. അപാരമായ ധൈര്യം കാണിച്ചിട്ടും അവള് തോറ്റു പോയിരിക്കുന്നെന്ന് അബ്ദുള്‍ ഹക്കീം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
ഞാന്‍ മരിച്ചാല്‍ അങ്കിളൊരു പോസ്റ്റിടണം, ഗംഭീര എഴുത്തായിരിക്കണം എന്നവള്‍ പറഞ്ഞിട്ട് അഞ്ചാറ് മാസമായിക്കാണണം.ഇന്നവള്‍ മരിച്ചിരിക്കുന്നു. അവളാഗ്രഹിച്ച പോലെ അവളുടെ വാളില്‍ ഞാനീ പോസ്റ്റ് ടാഗ് ചെയ്യുന്നു. ജോഷി ആന്റണിയുടെ മകളാണ് ഹൃദ്യ. ജോഷിയുമായി കൂട്ടാവുകയും വീട്ടില്‍ സ്ഥിര സന്ദര്‍ശകനാവുകയും ചെയ്ത കാലത്ത് നാലോ അഞ്ചോ വയസാണ് ഹൃദ്യയ്ക്ക്. കുസൃതിയും കളിയുമായി ഇരുപത് കൊല്ലം പിന്നെയും കഴിഞ്ഞിരിക്കുന്നു. ഇംഗ്ലീഷില്‍ എം.എ യും എം.ഫിലും ചെയ്ത ശേഷം ബി എഡിന് ചേര്‍ന്നതാണ് അവളീക്കൊല്ലം.
ബോട്ടണിയില്‍ ഡോക്ടറേറ്റുള്ള ജോഷിയുടെ മകള്‍ ഇംഗ്ലീഷ് ലിറ്ററേച്ചറുകാരിയായതിന്റെ ക്രഡിറ്റ് എനിക്കാണെന്ന് പറഞ്ഞിട്ടുണ്ട് ഞാന്‍. അല്ലെന്ന് പറഞ്ഞിട്ടില്ല അവള്. ഇംഗ്ലീഷിലെയും മലയാളത്തിലെയും പുസ്തകങ്ങള്‍ നന്നായി വായിക്കുന്ന അവള്‍ക്ക് കെ.എല്‍.എഫില്‍ വരാനും എഴുത്തുകാരെ കാണാനുമൊക്കെ എന്തുല്‍സാഹമായിരുന്നു!ഷോള്‍ഡര്‍ പെയിനാണ് ആദ്യം വന്നത്. ഏതാണ്ട് അഞ്ച് മാസം മുമ്പാണത്. പരിശോധനക്കൊടുവില്‍ കണ്ടെത്തിയ സത്യം ഭീകരമായിരുന്നു. ശ്വാസകോശത്തെ കീഴടക്കിയ അര്‍ബുദത്തെ കീമോ കൊണ്ട് തോല്‍പ്പിക്കാനായില്ല.
മൂന്ന് മാസം കൊണ്ട് ബ്രയിനിലേക്കു കൂടി പാഞ്ഞുകയറാനുള്ള ഉത്സാഹമായിരുന്നു അതിന്. ചെറുപ്പത്തിന്റെ കരുത്തും മരുന്നിന്റെ പിന്‍ബലവും അവള്‍ക്ക് രക്ഷയായില്ല. അപാരമായ ധൈര്യം കാണിച്ചിട്ടും അവള് തോറ്റു പോയിരിക്കുന്നു. ജോഷി അന്ന് ചോദിച്ചത്രെ, ഹക്കീം അങ്കിള്‍ എഴുതിയിട്ടെന്താ അത് നിനക്ക് വായിക്കാന്‍ പറ്റുമോന്ന്. അതെന്താ പറ്റാണ്ട്, അവിടെയുമുണ്ടാവും എനിക്ക് എഫ്.ബി.എക്കൗണ്ട് എന്നാണവള്‍ മറുപടി പറഞ്ഞത്. നല്ലൊരു ഫോട്ടോ എനിക്കയച്ചു തരാനും അവളവനെ ഏല്‍പ്പിച്ചിരുന്നു. മരണക്കിടക്കയില്‍ അവളെ പിടിച്ചിരിക്കവേ അവനെനിക്കയച്ചു തന്നതാണ് ഈ ഫോട്ടോ. അവള്‍ക്കിഷ്ടപ്പെട്ട ഫോട്ടോയാവും ഇതെന്ന് എനിക്കുറപ്പുണ്ട്. പക്ഷെ എന്റെ എഴുത്ത് അവള്ക്കിഷ്ടപ്പെട്ടിട്ടുണ്ടാവുമോ