തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് ബിജെപി ഏറ്റുവാങ്ങിയത്. വന്‍ പ്രതീക്ഷയോടെ മത്സരിച്ചിട്ടും ഒരു സീറ്റുപോലും നേടാനാകാത്തതിനെത്തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഒഴിയാന്‍ തയ്യാറാണെന്ന് കെ സുരേന്ദ്രന് അറിയിച്ചു.
കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രന് രാജി സന്നദ്ധത അറിയിച്ചതായാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ പ്രാഥമിക ഉത്തരവാദിത്വം തനിക്കാണെന്ന് സുരേന്ദ്രന് കേന്ദ്ര നേതാക്കളെ അറിയിച്ചു. തോല്‍വി വിശദമായി പരിശോധിച്ചിട്ട് അന്തിമ തീരുമാനമെടുക്കാമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ മറുപടി.
താന്‍ എന്തും താങ്ങാന്‍ തയ്യാറാണെന്നും കേന്ദ്രനേതൃത്വത്തിന് തീരുമാനം എടുക്കാമെന്നും സുരേന്ദ്രന് പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയമായും സംഘടനാപരമായും സംഭവിച്ച പിഴവുകള്‍ വിശദമായി വിലയിരുത്തുമെന്ന് ഇന്നലെ സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.
‘കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാനത്ത് ബിജെപിയെ നയിക്കുന്നത് ഞാനാണ്. പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം എനിക്ക് തന്നെയാണ്. തോല്‍വിയെക്കുറിച്ച് വിശദമായി പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടുണ്ട്. എനിക്ക് പറയാനുള്ളത് കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് അവരാണ്.
രാഷ്ട്രീയമായും സംഘടനാപരമായും സംഭവിച്ച പിഴവുകള്‍ വിശദമായ വിലയിരുത്തും. തുടര്‍ന്ന് ആവശ്യമായ തിരുത്തില്‍ നടപടികള്‍ സ്വീകരിക്കും. ഒരു സീറ്റു പോയി. എന്ത് വേണമെങ്കിലും പാര്‍ട്ടി തീരുമാനിക്കാമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്.”സുരേന്ദ്രന് പറഞ്ഞു.