കോട്ടയം; വലിയ പ്രതീക്ഷയോടെ മത്സരിച്ചിട്ടും നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് പിസി ജോര്‍ജ് ഏറ്റുവാങ്ങിയത്. തന്റെ തട്ടകമായ പൂഞ്ഞാറില്‍ വലിയ തോല്‍വി ഏറ്റു വാങ്ങിയതിനു പിന്നാലെ പിസി ജോര്‍ജിന് എതിരെ ഭീഷണി ഉയരുകയാണ്.
സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഭീഷണി മുഴക്കിയത്. നടയ്ക്കല്‍ അറഫാ നിവാസില്‍ അമീനെന്നയാളാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ടയിലോ പരിസരത്തോ കണ്ടാല്‍ തല്ലുമെന്നാണ് വിഡിയോയില്‍ പറയുന്നത്.
സംഭവത്തില്‍ പിസി ജോര്‍ജ് ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്കി. പിസി ജോര്‍ജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അമീനെതിരെ പൊലീസ് കേസെടുത്തു. അപകീര്‍ത്തികരമായ വിഡിയോ പ്രചരിപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.
ആരുടെയും ഭീഷണിക്കു മുന്പില് വഴങ്ങില്ലെന്നാണ് പി.സി ജോര്‍ജിന്റെ പ്രതികരണം. വിശദീകരണവുമായി അമീന് മറ്റൊരു വിഡിയോ ഇന്നലെ പുറത്തുവിട്ടു. സംഭവം അന്വേഷിച്ചു വരികയാണെന്ന് എസ്എച്ച്ഒ എസ്.എം പ്രദീപ് കുമാര്‍ പറഞ്ഞു