തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പ് വിജയം വീടുകളില്‍ ആഘോഷിച്ച് പാര്‍ട്ടി അണികള്‍. സാധാരണയായി സാധാരണ ലീഡ് നില ഉയരുമ്പോള്‍ തന്നെ കൊടിതോരണങ്ങളുമായി റോഡിലിറങ്ങുന്ന അണികള്‍ ഇത്തവണ മാറി ചിന്തിച്ചു. ആഘോഷം വീടുകള്‍ക്കുള്ളില്‍ ഓതുക്കി. പാര്‍ട്ടികളുടെ ആസ്ഥാനങ്ങള്‍ പോലും ഇന്നലെ ശോകമൂകമായിരുന്നു.
എകെജി സെന്ററില്‍ കോടിയേരി ബാലകൃഷ്ണനും ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും രാവിലെ മുതല്‍ സജീവമായി. പതിവിന് വിപരീതമായി വിജയിച്ച സ്ഥാനാര്‍ത്ഥികളുമായുള്ള വാഹന ജാഥകളോ, അഭിവാദ്യപ്രകടനങ്ങളോ, എകെജി സെന്ററിലേക്ക് എത്തിയില്ല. മറ്റിടങ്ങളിലും സമാന സ്ഥിതിയായിരുന്നു. കെപിസിസി ഓഫിസില്‍ രാവിലെ മുതല്‍ മുല്ലപ്പള്ളി രാമചന്ദ്രന് സജീവമായി ഉണ്ടായിരുന്നു. ഇവിടെയും അണികളുടെ ഒഴുക്ക് ഉണ്ടായില്ല. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിലും അണികള്‍ കൂട്ടമായി എത്തിയില്ല.
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോഴും ആവേശത്തിനൊപ്പം പങ്കുചേരാന്‍ ആള്‍ക്കൂട്ടമില്ലാതെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളും മൗനമായി. കൊവിഡ് വ്യാപനം കണക്കിലെടുത്ത്, ഫലപ്രഖ്യാപനദിനത്തില്‍ ആഘോഷങ്ങളും ആള്‍ക്കൂട്ടവും തെരഞ്ഞെടുപ്പ് കമ്മിഷന് നിയന്ത്രിച്ചതിനാല്‍ കൂട്ടം ചേരലില്‍ നിന്നു രാഷ്ട്രീയപ്രവര്‍ത്തകര്‍ പൊതുവെ മാറിനിന്നു.
തലസ്ഥാനത്തു കൂടുതല്‍ തിരിച്ചടിയേറ്റതോടെ പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ മൗനം പൂണ്ടു പുറത്തിറങ്ങിയില്ല. തുടര്‍ഭരണത്തിന്റെ വ്യക്തമായ ഫലങ്ങള്‍ പുറത്തുവന്നുവെങ്കിലും ആഘോഷങ്ങള്‍ പാടില്ലെന്ന കര്‍ശനനിര്‍ദേശം നേതൃത്വത്തില്‍ നിന്ന് ഉണ്ടായിരുന്നതിനാല്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരേയും പുറത്തേക്കു കണ്ടില്ല.
തിരുവനന്തപുരം ജില്ലയിലെ 10 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന നാലാഞ്ചിറ മാര്‍ ഇവാനിയോസ് നഗറിനു മുന്നില്‍ ഇന്നലെ കാവല്‍ നിന്ന പോലീസ് സേനാംഗങ്ങള്‍ മാത്രമായിരുന്നു ആകെ ഉണ്ടായിരുന്ന ആള്‍ക്കൂട്ടം.
വീടുകളില്‍ ടിവികള്‍ക്ക് മുന്നിലിരുന്നു ലീഡ് നില അറിയുകയും വാട്സാപ് , ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ ഷെയര്‍ ചെയ്തുമാണ് ഇത്തവണ അണികള്‍ പാര്‍ട്ടി സ്നേഹം പ്രകടിപ്പിച്ചത്. അതേസമയം, വാരാന്ത്യ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതും പ്രകടനങ്ങളും ആഘോഷങ്ങള്‍ക്കും തടസ്സമായിരുന്നു.