തിരുവനന്തപുരം: ചരിത്രം കുറിച്ച് പിണറായി വിജയന് സര്‍ക്കാരിന്റെ രണ്ടാംവരവ്. 1982നു ശേഷം ഒരു മുന്നണിയെയും തുടര്‍ച്ചയായി തെരഞ്ഞെടുത്തിട്ടില്ലാത്ത കേരളത്തില്‍ തുടര്‍ഭരണമെന്ന സ്വപ്നം സാക്ഷാത്ക്കരിച്ച് മുന്നേറുകയാണ് പിണറായി വിജയര് എന്ന കേരളത്തിന്റെ പടത്തലവന്.
സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളും മന്ത്രിമാരും മുഖ്യമന്ത്രിയുടെ ഓഫിസും അടക്കം ഉള്‍പ്പെട്ട വിവാദങ്ങളും തെരഞ്ഞടുപ്പില്‍ ഇടതുമുന്നണിയെ ഒരുതരിമ്പുപോലും ഏശിയില്ല എന്നുവേണം കരുതാന്‍. പെന്ഷന് ലഭിച്ച വയോധികരും ഭക്ഷ്യകിറ്റും സൗജന്യ അരിയും ലഭിച്ച സാധാരണക്കാരും സര്‍ക്കാരിനെ മുറുകെ പിടിച്ചുവെന്നാണ് തെരഞ്ഞെടുപ്പുഫലം നല്കുന്ന സൂചന.
ഭരണത്തിന്റെ അവസാനവര്‍ഷം ഇടതു കേന്ദ്രങ്ങളില്‍ ആരംഭിച്ച തുടര്‍ഭരണമെന്ന പ്രചാരണത്തിനു ശക്തി പകര്‍ന്നത് മുടങ്ങാതെ നല്കിയ സാമൂഹികക്ഷേമ പെന്‍ഷനും ഭക്ഷ്യകിറ്റുമാണ്. കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ മികവായി ഉയര്‍ത്തിക്കാട്ടപ്പെട്ടു.
ശബരിമല യുവതിപ്രവേശ വിഷയത്തില്‍ ഇടതു സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുകള്‍ വിശ്വാസിസമൂഹത്തിനെതിരാണ് എന്നാരോപിച്ച് പ്രതിപക്ഷ കക്ഷികളും ബിജെപിയും കനത്ത പ്രചാരണമാണ് നടത്തിയത്. എന്നാല്‍ അതൊന്നും എല്‍ഡിഎഫ് വോട്ടുകള്‍ക്ക് മങ്ങലേല്‍പ്പിച്ചില്ല.
കൊവിഡിനെതിരായ സര്‍ക്കാരിന്റെ ഒറ്റക്കെട്ടായ പ്രതിരോധം ദേശീയതലത്തില്‍ ശ്രദ്ധനേടി. കൊവിഡ് കാലത്തെ ലോക്ഡൗണില്‍ കഷ്ടപ്പെടുന്നവര്‍ക്കായി നടപ്പിലാക്കിയ പദ്ധതികള്‍ ജനകീയമായി. ഭക്ഷണം സൗജന്യമായി വീട്ടിലെത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകള്‍ വേറിട്ട മാതൃക തീര്‍ത്തു. ദിവസവും വൈകിട്ട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം തരംഗമായി.
സ്വര്‍ണക്കടത്ത്, സ്പ്രിന്‍ക്ലര്‍, ലൈഫ് മിഷന് അഴിമതി, മുന്നാക്കസംവരണം, ബിനീഷ് കോടിയേരി തുടങ്ങി തനിക്ക് എതിരെ പ്രതിപക്ഷം കെട്ടിപൊക്കിയ സര്‍വ്വ ഇമേജുകളും തകര്‍ത്തെറിഞ്ഞാണ് 2021ല്‍ തുടഭരണത്തിനായി പിണറായി വിജയന് ഒരുങ്ങുന്നത്.