കോഴിക്കോട്: പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണ് കോവിഡ്. പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ യുവതി കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച സംഭവം ഏറെ വേദനയോടെയാണ് ഇന്ന് കേരളക്കര കേട്ടത്. തിക്കോടി ഗ്രാമപഞ്ചായത്തിലെ പത്താംവാര്‍ഡായ പള്ളിക്കര കോഴിപ്പുറത്തെ മോച്ചേരിയില്‍ രവീന്ദ്രന്റെ മകള്‍ അര്‍ച്ചനയാണ് മരിച്ചത്.
ഇരുപത്തിയേഴ് വയസ്സായിരുന്നു. പ്രസവത്തെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയതിന്റെ മൂന്നാം നാളായിരുന്നു അന്ത്യം. അര്‍ച്ചനയുടേത് ആദ്യ പ്രസവമായിരുന്നു. പ്രസവം കഴിഞ്ഞ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിങ്കളാഴ്ചയാണ് അര്‍ച്ചന വീട്ടിലെത്തിയത്.
തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ കാണിച്ച യുവതിയെ മേലടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത് . ഇവിടെ നിന്നും വീട്ടിലെത്തിയ യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടാന്‍ തുടങ്ങി.
ഇതോടെ ബന്ധുക്കള്‍ ചേര്‍ന്ന് അര്‍ച്ചനയെ ഉടന്‍ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പെണ്‍കുഞ്ഞിനാണ് അര്‍ച്ചന ജന്മം നല്‍കിയത്. മൃതദേഹം കൊറോണ മാനദണ്ഡങ്ങളോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. കഴിഞ്ഞദിവസം അഞ്ചുമാസം ഗര്‍ഭിണിയായ യുവ ഡോക്ടറുടെ മരണ വാര്‍ത്തയും കേരളക്കരയെ വിഷമത്തിലാഴ്ത്തിയിരുന്നു.