കോഴിക്കോട്: ജൂലൈ ഒന്നിന് കോഴിക്കോട് വെച്ച് നടക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ദീപാ നിശാന്ത്. ഊര്‍മ്മിള ഉണ്ണി ചടങ്ങില്‍ പങ്കെടുക്കുന്നതിനാലാണെന്നും അവരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ചടങ്ങ് ബഹിഷ്കരിക്കുന്നതെന്നും ദീപാ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
‘കേരളത്തിലെ സ്ത്രീകളുടെ രാത്രി യാത്രാപ്രശ്നങ്ങളെപ്പറ്റി ഒരു ചര്‍ച്ചയില്‍ ഊര്‍മ്മിള ഉണ്ണി പറഞ്ഞതു കേട്ടിട്ടുണ്ട്,’കേരളത്തില്‍ അങ്ങനൊരു പ്രശ്നമേ ഇല്ല. ഇന്നലെ രാത്രി ചെന്നൈയില്‍ നിന്ന് ഞാന്‍ എയര്‍പോര്‍ട്ടില്‍ എത്തി. അവിടെ നിന്ന് ടാക്സി പിടിച്ച് വീട്ടിലെത്തി. ഒറ്റയ്ക്കായിരുന്നു യാത്ര. എനിക്കൊരു പ്രശ്നവുമുണ്ടായില്ല. എന്നെയാരും ഉപദ്രവിച്ചുമില്ല, ശല്യപ്പെടുത്തിയതുമില്ല!’ എന്ന്. അത്തരം കാഴ്ചപ്പാടുകളുള്ള ആളുകളില്‍ നിന്ന് ഞാന്‍ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. നമ്മുടെ പ്രിവിലേജുകളില്‍ നിന്നു കൊണ്ട് നമ്മളനുഭവിക്കുന്ന സൗകര്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ടെന്നു കരുതുന്ന വലംപിരി ശംഖിന്റെ ഭാഗ്യപ്രചാരകരോട് എനിക്കൊന്നും പറയാനുമില്ല.’
അവളോടൊപ്പമല്ല !ഞാനും അവളാണ് എന്ന ബോധ്യത്തില്‍ നാളെ നമ്മളോരോരുത്തര്‍ക്കും ഇത് സംഭവിക്കാമെന്ന ബോധ്യത്തില്‍ ജോലിക്കു പോകുമ്പോഴോ മടങ്ങി വരുമ്പോഴോ ഒരു കാറ് അടുത്തുവന്നു നില്‍ക്കാമെന്നും ഡോറ് തുറന്ന് നമ്മെ വലിച്ചതിനകത്തേക്കിടാമെന്നും ജീവന് എന്ന ഒറ്റ ലക്ഷ്യം മുന്നില്‍ നില്ക്കുമ്പോള് പല ഭീഷണികള്‍ക്കും വഴിപ്പെടാമെന്നും ഒക്കെയുള്ള ബോധ്യത്തില്‍ ,അത്തരം സംഭവങ്ങളെ നിസ്സാരവത്കരിക്കുന്ന വ്യക്തികളോടുള്ള പ്രതിഷേധം എന്ന നിലയ്ക്ക് ചടങ്ങില്‍ നിന്നും വിട്ടു നില്ക്കുന്നു- ദീപാ നിശാന്ത് കൂട്ടിച്ചേര്‍ത്തു.
താന്‍ ചടങ്ങില്‍ നിന്ന് പിന്മാറിയ കാര്യം സംഘാടകരെ അറിയിച്ചിട്ടുണ്ടെന്നും തന്റെ പ്രതിഷേധം ഇങ്ങനെയേ പ്രകടിപ്പിക്കാനാവൂ എന്നും ദീപ നിശാന്ത് പോസ്റ്റില്‍ വ്യക്തമാക്കി.
നേരത്തെ താരസംഘടനയായ എഎംഎംഎയില്‍ നടിയെ ആക്രമിച്ച് കേസില്‍ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുക്കാന്‍ ഉര്‍മ്മിള ഉണ്ണി ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു.