തിരുവനന്തപുരം: കേരളത്തില്‍ വൈറസ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അഞ്ചര ലക്ഷം മാത്രമാണ് സംസ്ഥാനത്ത് കോവിഡ് വാക്സിന് സ്റ്റോക്ക് ഉള്ളതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. കേരളത്തിന് അടിയന്തരമായി 50 ലക്ഷം ഡോസ് കോവിഡ് വാക്സിന് നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കെകെ ശൈലജ. കേരളത്തിന് ഇതുവരെ 60.84 ലക്ഷം ഡോസ് വാക്സിനാണ് ലഭിച്ചത്. ഇതില്‍ 56.75 ലക്ഷം ഡോസ് വിതരണം ചെയ്തുകഴിഞ്ഞു.
വേയ്സ്റ്റേജ് ഇല്ലാതെയാണ് കേരളത്തില്‍ വാക്സിനേഷന് മുന്നേറുന്നത്. 5,80,880 ഡോസ് വാക്സിനാണ് ഇനിയുള്ളത്. വാക്സിന് കിട്ടിയില്ലെങ്കില്‍ മാസ് വാക്സിനേഷന് ക്യാംപയിന് മുടങ്ങുന്ന സ്ഥിതിയാണ്. കോവിഷീല്‍ഡും കോവാക്സിനും തുല്യമായി വേണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.
രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ മാര്‍ച്ച് അവസാനം കോവിഡ് കേസുകള്‍ കുറഞ്ഞിരുന്നെങ്കിലും നിലവില്‍ കേസുകള്‍ പ്രതിദിനം കൂടുകയാണ്. രണ്ടു ദിവസമായി നടത്തിയ കൂട്ടപ്പരിശോധനയുടെ ഫലം ഇന്നും നാളെയുമായി വരും.
രോഗികളുടെ എണ്ണം കൂടിയാലും നേരിടാന്‍ കേരളം സജ്ജമാണ്. കോവിഡിനെതിരെ സംസ്ഥാനം ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ കേരളത്തില്‍ ഓക്സിജന്‍ വിതരണത്തില്‍ കുറവില്ല. എന്നാലും കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ക്ഷാമമുണ്ടായേക്കാം. അതിനാല്‍ ഓക്സിജന്‍ വിതരണത്തില്‍ കേരളത്തെക്കൂടി പരിഗണിക്കണമെന്നും ആരോഗ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.