തലശേരി: ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ടയാള്‍ക്കൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് എത്തിയ യുവതിയെ യുവാവ് തേച്ചിട്ട് പോയത് കണ്ണൂര്‍ നഗരത്തില്‍ നാടകീയ സംഭവങ്ങള്‍ക്കിടയാക്കി. സാനിറ്റൈസര്‍ കുടിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഷെയര്‍ ചാറ്റിലൂടെയാണ് തലശ്ശേരിയിലെ വീട്ടമ്മ യുവാവുമായി പരിചയത്തിലാകുന്നത്. പിന്നീട് ഈ ബന്ധം പ്രണയത്തില്‍ കലാശിക്കുകയും ചെയ്തു. ഇതോടെ ഒരുമിച്ച് ജീവിക്കണമെന്നായി ഭര്‍തൃമതിയുടെ ഡിമാന്റ്’ ഇതിനായി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു വരാന്‍ തയ്യാറാണെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു.
ഏറെ നിര്‍ബന്ധിച്ചിട്ടും ഒളിച്ചോടാന്‍ കാമുകന് തയാറാകാത്തത് ഭര്‍തൃമതിയുടെ സമനില തെറ്റിച്ചു. തന്നെ സ്വീകരിക്കാന്‍ തയ്യാറില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഇവര്‍ ഭീഷണി മുഴക്കി. ഇതിനായി താന്‍ പയ്യാമ്പലത്ത് എത്തുമെന്നും ഇവര്‍ അറിയിച്ചു.
ഇതോടെ പരിഭ്രാന്തനായ യുവാവ് അവിടേക്ക് ഓടിയെത്തി. ഭര്‍തൃമതിയെ പിന്തിരിപ്പിക്കാന് ഇയാള്‍ ശ്രമിച്ചുവെങ്കിലും തന്നെ സ്വീകരിക്കാതെ മടങ്ങില്ലെന്നായി ഇവര്‍. ഒടുവില്‍ കാമുകന്റെ മുന്നില്‍ വച്ച് കടലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച ഇവരെ പിങ്ക് പൊലിസെത്തിയാണ് പിന്തിരിപ്പിച്ചത്.
ഭര്‍തൃമതിയും നാലുവയസുള്ള കുട്ടിയുടെ അമ്മയുമായ യുവതിയാണ് പയ്യാമ്പലത്ത് വച്ചും കണ്ണൂര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ വച്ചും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പയ്യാമ്പലത്ത് യുവതി കടലില്‍ ചാടാന്‍ ശ്രമിച്ച വിവരമറിഞ്ഞ് എത്തിയ പിങ്ക് പൊലീസ് യുവതിയെ വനിതാസ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് സാനിറ്റൈസര്‍ കുടിച്ചത്.
തലശേരി സ്വദേശിനിയായ മുപ്പത്തിയെട്ടുകാരിയെ സാനിറ്റൈസര്‍ കഴിച്ചതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പയ്യാമ്പലത്തുനിന്ന് പൊലീസ് യുവതിയെ സ്റ്റേഷനിലെത്തിച്ച ശേഷം ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു സാനിറ്റൈസര്‍ കുടിച്ചത്.