തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കൊവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യം കണക്കിലെടുത്ത് ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാന്‍ കൂടുതല്‍ മൊബൈല്‍ ലാബുകളും സജ്ജമാക്കുന്നു.
സ്വകാര്യ കമ്പനികളുടെ സഹായത്തോടെയാണ് മൊബൈല്‍ ലാബുകള്‍ തയാറാക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ രോഗബാധിതരെ കണ്ടെത്താന്‍ റാപ്പിഡ് ആന്റിജന്‍ പരിശോധനയും വ്യാപിപ്പിക്കും. കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ കൂടുതല്‍.
ഈ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാനാണ് തീരുമാനം. ലാബുകളുടെ ശേഷി പരമാവധി വിനിയോഗിക്കണം. രോഗലക്ഷണങ്ങളുള്ളവരില്‍ ആന്റിജനൊപ്പം പിസിആര്‍ പരിശോധനയും നിര്‍ബന്ധമാക്കി.
ഇതുകൂടാതെ ലാബുകളുടെ കുറവുള്ള ഇടുക്കി, വയനാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ മൊബൈല്‍ ലാബുകള്‍ സജ്ജമാക്കാന്‍ മെഡിക്കല്‍ സര്‍വ്വീസസ് കോര്പറേഷന് നിര്‍ദേശം നല്കി. നിലവില്‍ സ്വകാര്യ കമ്പനികളുടെ സഹായത്തോടെ 10 ആര് ടി പിസിആര്‍ മൊബൈല്‍ ലാബുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലുണ്ട്.
ഇപ്പോള്‍ ടെന്‍ഡര്‍ നല്‍കിയിട്ടുള്ള സാന്‍ഡോര്‍ മെഡിക്കല്‍സ് എന്ന കമ്പനിയുമായി ചേര്‍ന്നോ ടെണ്ടറില്‍ രണ്ടും മൂന്നും സ്ഥാനത്ത് വന്ന കമ്പനികളുമായി ചേര്‍ന്നോ മൊബൈല്‍ ലാബുകള്‍ സജ്ജമാക്കാനാണ് ശ്രമം. സ്വകാര്യ ലാബുകളില്‍ നിന്ന് വ്യത്യസ്തമായി മൊബൈല്‍ യൂണിറ്റില്‍ പരിശോധന ചെലവ് 500 രൂപയില്‍ താഴെ മാത്രമാണ്. അതിനാല്‍ പരമാവധിപേരെ പരിശോധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.