തിരുവനന്തപുരം: ലോകായുക്ത വിധിയിലെ കെടി ജലീലിന്റെ രാജി മാതൃകാപരമാണെന്ന് സിപിഐഎം പിബി അംഗം എംഎ ബേബി. രാജി ധാര്‍മിക മൂല്യം ഉയര്‍ത്തി പിടിച്ചാണെന്നും പാര്‍ട്ടിയുടെയും മുന്നണിയുടേയും സല്‍പ്പേര് മുന്‍നിര്‍ത്തിയാണ് നീക്കമെന്നും എംഎ ബേബി പറഞ്ഞു.
ജലീല്‍ ഹൈക്കോടതിയില്‍ പോയത് അദ്ദേഹത്തിന്റെ ഭാഗം വിശദീകരിക്കാനാണെന്നും ബേബി കൂട്ടി ചേര്‍ത്തു. ജലീല്‍ രാജി വെച്ചത് കീഴ്വഴക്കം പാലിച്ചുകൊണ്ടാണെന്നാണ് സിപിഐഎം നേതാവ് പി ജയരാജന്റെ പ്രതികരണം. ഇത് നല്ലൊരു സ്പിരിറ്റില്‍ എടുക്കണം, ജലീലിന് നിയമപരമായി നീങ്ങാനുള്ള അവകാശമുണ്ടെന്നും പി ജയരാജന് പറഞ്ഞു.
‘ജലീല്‍ സ്വമേധയാ രാജീവെച്ചതാണ്. ഇവിടെ മാധ്യമങ്ങള്‍ പുകമറ സൃഷ്ടിക്കുകയായിരുന്നു. കാരണം ലോകായുക്തയുടെ വിധി വന്ന ശേഷം ഉടന്‍ രാജിവെക്കണം എന്നായിരുന്നു ഇവിടെ പറഞ്ഞോണ്ടിരുന്നത്. കോപ്പി കിട്ടി അതിന്റെ നിയമവശങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് രാജി വെക്കുക.
രാജി നല്ലൊരു കീഴ് വഴക്കമായിട്ടാണ് ജനാധിപത്യ സമൂഹം കാണേണ്ടത്. മറ്റ് പ്രശ്നങ്ങളില്ല. ഇവിടെ നിയമപരമായ മുന്നോട്ട് പോകാം. അതാണ് എകെ ബാലന് പറഞ്ഞത്. ഹരജി നിലനില്‍ക്കെയാണ് രാജി. നല്ല സ്പിരിറ്റിലാണ് സമൂഹം എടുക്കേണ്ടത്.’ പി ജയരാജന് പറഞ്ഞു. ഇപി ജയരാജന് സ്വയം രാജിവെച്ചതാണെന്നും പി ജയരാജന് പറഞ്ഞു.