തൃശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജാനകി രാംകുമാറിന്റെയും നവീന്‍ കെ റസാഖിന്റെ വൈറലായ ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടുത്തുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.
ഇപ്പോഴിതാ തങ്ങള്‍ക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വൈറലായ ഡാന്‍സ് വീഡിയോ ചെയ്ത മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാനകി രാംകുമാറും നവീന്‍ കെ റസാഖും. സൈബര്‍ അറ്റാക്കുകളെ വകവെയ്ക്കുന്നില്ലെന്നും വളരെ കുറച്ച് പേര് മാത്രമാണ് നെഗറ്റീവ് കമന്റുകളുമായെത്തുന്നതും ഭൂരിപക്ഷവും തങ്ങള്‍ക്കൊപ്പമാണെന്നും നവീനും ജാനകിയും പറഞ്ഞു.
ഒരു പ്രശസ്ത മാധ്യമത്തോടായിരുന്നു ഇരുവരുടെയും പ്രതികരണം. ഇനിയും ഡാന്‍സ് വീഡിയോകള്‍ ചെയ്യുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ‘സൈബര്‍ അറ്റാക്കുകളെ മൈന്റാക്കുന്നില്ല. അത് അതിന്റെ വഴിയ്ക്ക് നീങ്ങട്ടെ. പറയുന്നവര്‍ പറയട്ടെ. ഞങ്ങള്‍ക്ക് അതില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഞങ്ങള്‍ വിദ്യാര്‍ത്ഥികളാണ്. അത് നെഗറ്റീവായി ചിത്രീകരിക്കാന്‍ തോന്നുന്നവര്‍ക്ക് അങ്ങനെ ചെയ്യാം. അതൊന്നും ഞങ്ങളെ ബാധിക്കില്ല,’ നവീന്‍ പറഞ്ഞു.
ഐ.എം.എയും കോളേജ് യൂണിയനുമൊക്കെ ഈ വിദ്വേഷ പ്രചരണങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. വളരെ കുറച്ച് പേര് മാത്രമാണ് വിദ്വേഷ പ്രചരണങ്ങളുമായെത്തുന്നതെന്നും ഭൂരിപക്ഷവും പോസിറ്റീവായാണ് ഇതിനെ കാണുന്നതെന്നും നവീന്‍ പറഞ്ഞു. ഞങ്ങള്‍ ഒന്നിച്ചാണ് പഠിക്കുന്നതും ക്ലാസില്‍ പോകുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം. ആ ഞങ്ങള്‍ ഒരു ഡാന്‍സ് കളിച്ചു. എന്റര്ടെയ്ന്മെന്റ് മാത്രമാണ് ഉദ്ദേശിച്ചത്. അതിനെ അങ്ങനെ കാണണമെന്നും നവീന്‍ ആവശ്യപ്പെട്ടു.