തൃശൂര്‍: ആശുപത്രി വരാന്തയില്‍ ചുവടുവെച്ച് സോഷ്യല്‍മീഡിയയില്‍ വൈറലായ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിദ്വേഷ പ്രചരണം. തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറിനും നവീന്‍ കെ. റസാഖിനുമെതിരെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ വിദ്വേഷ പ്രചാരണം നടത്തുന്നത്.
ജാനകിയുടെ പേരിനൊപ്പമുള്ള ഓം കുമാറും നവീന്റെ പേരിനൊപ്പമുള്ള റസാഖും ചൂണ്ടിക്കാട്ടിയാണ് വിദ്വേഷ പ്രചരണവുമായി ചിലര്‍ രംഗത്തെത്തിയത്. കൃഷ്ണരാജ് എന്നയാളാണ് സോഷ്യല്‍മീഡിയയില്‍ ആദ്യം ഇരുവര്‍ക്കുമെതിരെ പോസ്റ്റിടുന്നത്.
ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവുമെന്നും സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത് എന്നും പറഞ്ഞ് ജാനകിയുടെ അച്ഛന് ഓംകുമാറിനും അമ്മയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും ഇയാള്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.
ഈ പോസ്റ്റ് ഏറ്റുപിടിച്ചാണ് മറ്റ് വിദ്വേഷ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. പെണ്‍കുട്ടി സിറിയയില്‍ എത്താതിരുന്നാല്‍ മതിയായിരുന്നാണ് മറ്റുചില ഐഡികളില്‍ നിന്നും വരുന്ന കമന്റ്. കോളേജുകള്‍ കേന്ദ്രീകരിച്ചാണ് മതംമാറ്റം കൂടുതലും നടക്കുന്നതെന്നും ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണെന്നുമാണ് ഇക്കൂട്ടര്‍ പറഞ്ഞുവെക്കുന്നത്.
വീണ്ടും വീണ്ടും ഇര ആകാന്‍ മാത്രം കുറേ ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഉണ്ടാകുമെന്നും ഇസ്ലാം മതത്തിലെ ഒരു പെണ്‍കുട്ടിയെ ഇങ്ങനെയുള്ള പരിപാടികള്‍ക്ക് കാണാത്തത് എന്തുകൊണ്ടാണെന്നുമാണ് ഇക്കൂട്ടരുടെ ചോദ്യം. വിദ്വേഷ പ്രചാരണം നടുത്തുന്നവര്‍ക്കെതിരെ വന്‍വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.