കോട്ടയം: ജനങ്ങളെ വിശ്വാസം ഉള്ളതിനാലാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ തന്നെ പടക്കം പൊട്ടിച്ച് വിജയം ആഘോഷിച്ചതെന്ന് പിസി ജോര്‍ജ്. പൂഞ്ഞാറില്‍ പോളിങ് കഴിഞ്ഞപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് വിജയം ആഘോഷിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു പിസി ജോര്‍ജ്.
വൈകിട്ട് പോളിങ്ങിനു ശേഷം ബൂത്തു തലത്തില്‍ ഫലം അവലോകനം ചെയ്ത ശേഷമാണ് പ്രവര്‍ത്തകര്‍ പി.സി. ജോര്‍ജിന്റെ വീട്ടില്‍ പടക്കം പൊട്ടിച്ച് വിജയം ആഘോഷിച്ചത്. ‘ജനങ്ങളെ വിശ്വാസം ഉള്ളതിനാലാണ് വിജയം ആഘോഷിച്ചത്. പി.സി. ജോര്‍ജ് ജയിക്കും. ഭൂരിപക്ഷം അല്പം കുറഞ്ഞേക്കാം. എന്നാലും വിജയം ഉറപ്പിച്ചു. കണക്കുകള്‍ കൂട്ടിക്കഴിഞ്ഞപ്പോള്‍ പടക്കം പൊട്ടിച്ചോട്ടേ എന്ന് പ്രവര്‍ത്തകര്‍ ചോദിച്ചു ‘ ജില്ലാ പഞ്ചായത്തംഗവും പി.സി. ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ് പറഞ്ഞു.
പൂഞ്ഞാറില്‍ 30, 000ല്‍ ഏറെ വോട്ടുകള്‍ക്ക് ജയിക്കുമെന്നാണ് പി.സി. ജോര്‍ജിന്റെ കണക്കുകൂട്ടല്‍. ഒരു മുന്നണിയിലും ചേരാതെ ഒറ്റയ്ക്കാണ് ജോര്‍ജിന്റെ മത്സരം. ജയിച്ചാല്‍ മുന്നണികള്‍ക്ക് പിസിയെ അംഗീകരിക്കേണ്ടി വരും. തൂക്കുസഭ വന്നാല്‍ പിസിയുടെ വില വീണ്ടും ഉയര്‍ന്നേക്കാം.
തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ മുന്നണികള്‍ക്ക് പിന്നാലെ അപേക്ഷയുമായി പിസിക്കു നടക്കേണ്ടി വരും. ഈരാറ്റുപേട്ടയാണ് തന്നെ ചതിച്ചതെന്നും മറ്റിടങ്ങളില്‍ പ്രശ്നമില്ലെന്നുമാണ് പി സി ജോര്‍ജ്ജ് അവകാശപ്പെടുന്നത്. കോട്ടയം ജില്ലയില്‍ തീപാറുന്ന പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പൂഞ്ഞാര്‍.