നിലമ്പൂര്‍: ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ന്ന ശേഷം തൊണ്ടിമുതലുമായി ക്ഷേത്രത്തില്‍ കിടന്നുറങ്ങിയ മോഷ്ടാവ് ഓടുവില്‍ പോലീസ് പിടിയില്‍. വഴിക്കടവ് കമ്പളക്കല്ല് സ്വദേശി കുന്നുമ്മല്‍ ആബിദ് (35) ആണ് നിലമ്പൂര്‍ പൊലീസിന്റെ പിടിയിലായത്.
നിലമ്പൂര്‍ മമ്മുള്ളി കുട്ടിച്ചാത്തന് കാവിലാണ് സംഭവം. ഭണ്ഡാരവും ഓഫിസും കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ ശേഷം മദ്യ ലഹരിയില്‍ ആബിദ് തൊണ്ടിമുതലുമായി ക്ഷേത്രമുറ്റത്ത് കിടന്നുറങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തില്‍ വിളക്ക് വെക്കാനെത്തിയ സെക്രട്ടറിയാണ് ഓഫിസിന് സമീപത്ത് കിണറിനോട് ചേര്‍ന്ന് ഒരാള്‍ കിടന്നുറങ്ങുന്നതായി കണ്ടത്.
തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിളിക്കുകയും പൊലീസെത്തി ചോദ്യം ചെയ്യുകയും ക്ഷേത്രം പരിശോധിക്കുകയും ചെയ്തതോടെയാണ് മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞത്. നാലായിരത്തിലേറെ രൂപ കണ്ടെടുത്തു. നാണയങ്ങള്‍ ഒഴിവാക്കി ഭണ്ഡാരത്തിലെ നോട്ടുകള്‍ മാത്രമാണ് എടുത്തതെന്ന് പ്രതി പറഞ്ഞു.
മുതീരി പള്ളിയറക്കല്‍ ദുര്‍ഗാഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് എണ്‍പതിനായിരത്തോളം രൂപ കവര്‍ന്നതുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.