കോഴിക്കോട്: ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് 35 സീറ്റുകള്‍ ലഭിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷം തങ്ങള്‍ കേരളം ഭരിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇത് കേരളത്തില്‍ എന്‍ഡിഎ കാലുറപ്പിക്കുന്ന നിര്‍ണ്ണായക വിധിയെഴുത്താണെന്നും സുരേന്ദ്രന് പറഞ്ഞു.
ഇത്തവണ കേരളം മൂന്നാം ബദലിനൊപ്പമായിരിക്കും. രണ്ട് മുന്നണിക്കും കേരളത്തില്‍ ഒറ്റയ്ക്ക് ഭരിക്കാനാകില്ല. കോന്നിയിലും മഞ്ചേശ്വരത്തും ജയിക്കുമെന്ന് വിശ്വാസമുണ്ട്. എന്‍ഡിഎ ഈ തെരഞ്ഞെടുപ്പില്‍ കേരളം മുന്‍പ് കണ്ടിട്ടില്ലാത്ത വിധത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും സുരേന്ദ്രന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കോഴിക്കോട് മൊടക്കല്ലൂര്‍ യുപി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്. വരുന്ന അഞ്ച് വര്‍ഷക്കാലം ആര് കേരളം ഭരിക്കണമെന്ന് വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും. രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
40771 പോളിംഗ് ബൂത്തുകളിലും മോക് പോളിംഗിനുശേഷം വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിലെ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് കാണാനാകുന്നത്. വൈകീട്ട് 7 മണിവരെ വോട്ടുരേഖപ്പെടുത്താന്‍ സമയമുണ്ട്. അവസാന ഒരു മണിക്കൂര്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കും വോട്ടുചെയ്യാനുള്ള സമയമാണ്. മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളില്‍ വൈകീട്ട് 6 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും.