മലപ്പുറം: തുടര്‍ ഭരണത്തിന്റെ ഈരടികളുമായി കുഞ്ഞുകുട്ടികളുടെ റാപ്. കുഞ്ഞുസഹോദരങ്ങളുടെ മൂവര്‍സംഘം ‘സിയൂസ്ട്രയോ’യാണ് ‘എല്‍ഡിഎഫ് വരും ഉറപ്പാണ്’ എന്ന് പാട്ടിലൂടെ ആവേശം പകര്‍ന്നത്. നാട്ടില്‍ തെരഞ്ഞെടുപ്പ് ആവേശം പടരുമ്പോള്‍ പ്രളയത്തിലും കോവിഡിലും കണ്ടറിഞ്ഞ കരുതലിന് പിന്തുണയേകുകയാണ് ബംഗളുരുവില്‍നിന്ന് കുഞ്ഞുസഹോദരങ്ങള്‍.
നിലമ്പൂര്‍ ചന്തക്കുന്ന് അറക്കല്‍ മൈത്രിയില്‍ ഷാന്‍ അറക്കല്‍– ജസ്ന ഷാന്‍ ദമ്പതികളുടെ മക്കളായ ലിച്ചു, നീമോ, റോണ്‍ എന്നിവരാണ് ‘ഉറപ്പാണ്’ പേരില്‍ റാപ് സോങ് ചിട്ടപ്പെടുത്തിയത്. പാട്ട് ചെയ്യാമെന്ന് കുട്ടികള്‍ പറഞ്ഞപ്പോള്‍ മാതാപിതാക്കളും ഒപ്പം നിന്നു.
വരികളില്‍ ഉണ്ടാവേണ്ട സംഭവങ്ങളും സൂചിപ്പിച്ചു. അച്ഛനും അമ്മയും ചേര്‍ന്ന് വരികള്‍ എഴുതി. ‘പ്രളയകാലത്തും കോവിഡ് സമയത്തും വാര്‍ത്താ സമ്മേളനങ്ങള്‍ സ്ഥിരമായി കാണാറുണ്ടായിരുന്നു. അങ്ങനെ മുഖ്യമന്ത്രിയോടും സര്‍ക്കാരിനോടും ഇഷ്ടംകൂടി. കാര്യങ്ങള്‍ അന്വേഷിക്കാനും വാര്‍ത്ത ശ്രദ്ധിക്കാനും തുടങ്ങി’ — മക്കള്‍ നാടിനെ അറിഞ്ഞും ഇടതുപക്ഷത്തെ സ്നേഹിച്ചും തുടങ്ങിയ നാള്‍വഴി അമ്മ ജസ്ന വിശദീകരിച്ചു.
മൂത്തയാള്‍ റാപ് പാടി. മൂന്നാം ക്ലാസുകാരന് നീമോയും ഒന്നാം ക്ലാസുകാരന് റോണും ഹമ്മിങ്ങുമായി ഒപ്പമുണ്ട്. ചിത്രീകരണത്തിന് അച്ഛന്റെ സുഹൃത്ത് സാഞ്ചോ സഹായിച്ചു. പാട്ട് ഒരുങ്ങിയപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. മൂവര്‍സംഘത്തിന്റെ പാട്ട് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
വീഡിയോ അപ്ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കകം ആയിരങ്ങള്‍ കണ്ട പാട്ട് വാട്സാപ്പ് സ്റ്റാറ്റസുകളിലും നിറഞ്ഞു. ബംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഡിസൈനിങ് മാനേജറായ അച്ഛനും അധ്യാപികയായ അമ്മയും വോട്ടുചെയ്യാന്‍ നാട്ടിലെത്തുമ്പോള്‍ കുഞ്ഞുങ്ങളും കൂടെയുണ്ടാകും.