പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന് ക്യാപ്റ്റന്‍ തന്നെയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ക്യാപ്റ്റന്‍ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച മന്ത്രി പിണറായി വിജയന് കേരളത്തിന്റെയും ജനങ്ങളുടെയും ക്യാപ്റ്റന്‍ തന്നെയാണെന്നും ജനങ്ങള്‍ നല്കിയ പേരാണതെന്നും വ്യക്തമാക്കി.
പിണറായി വിജയന് കപ്പിത്താനെ പോലെയാണ് നാടിനെ നയിക്കുന്നത്. അദ്ദേഹത്തിന് ആ പേര് ആരെങ്കിലും സ്വയം തീരുമാനിച്ച് നല്കിയതല്ല. മറിച്ച് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ജനങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന പേരാണെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
കഴക്കൂട്ടത്ത് ത്രികോണമത്സരമാണ് നടക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. വികസനമാണ് മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യുന്നത്. രാഹുല്‍ ഗാന്ധിക്ക് കേരളത്തെക്കുറിച്ചും ഇടതുപക്ഷത്തെക്കുറിച്ചും ഒന്നും അറിയില്ലെന്നും കടകംപള്ളി വ്യക്തമാക്കി.
ക്യാപ്റ്റന്‍ വിളിയില്‍ പി ജയരാജന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ പറഞ്ഞിരുന്നു.
വസ്തുതകള്‍ പറയുക മാത്രമാണ് ജയരാജന് ചെയ്തത്. ഇടതുമുന്നണിയുടെ ജനസ്വീകാര്യത കൂടുവരികയാണ്. അതില്‍ ചിലരെല്ലാം അസ്വസ്ഥരാണ്. അതിനാലാണ് മാധ്യമങ്ങള്‍ പി ജയരാജന്റ പിന്നാലെ കൂടിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.