കൊച്ചി: മാസ്ക് ധരിക്കാതെ മദ്യം വാങ്ങാന്‍ എത്തിയയാള്‍ക്ക് മദ്യം നല്‍കാതെ മടക്കിയയച്ച ബിവറേജസ് കോര്പറേഷന് ജീവനക്കാരന്റെ തല അടിച്ചുപൊട്ടിച്ചു. കൊച്ചി നെടുമ്പാശേരിയിലാണ് സംഭവം. ബിവറേജസ് നെടുമ്പാശേരി ഷോപ്പിലെ ക്ലാര്‍ക്ക് സേവ്യര്‍ തോമസിനാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. മാസ്ക് ധരിക്കാതെ സെല്‍ഫ് സര്‍വീസ് കൗണ്ടറിലെത്തിയ ആളെ മദ്യം നല്‍കാതെ ജീവനക്കാര്‍ ബലമായി പുറത്താക്കിയിരുന്നു. മദ്യം ലഭിക്കാത്തതിനാല്‍ ഇയാള്‍ ക്ഷുഭിതനായിരുന്നു. ആക്രമിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.
സേവ്യര്‍ തോമസ് ചായ കുടിക്കാനായി പുറത്തിറങ്ങിയപ്പോള്‍, ഓട്ടോറിക്ഷയില്‍ കാത്തിരുന്ന ഇയാള്‍ മദ്യക്കുപ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സേവ്യര്‍ തോമസിനെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി.