പാലക്കാട്: പാലക്കാട്ടെ ട്രെന്‍ഡ് ബിജെപിക്ക് വളരെ അനുകൂലമാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്. ഞാനിവിടെ ജയിക്കുമെന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല, അതിനേ പറ്റി പറയേണ്ട എന്നും ശ്രീധരന് പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇ ശ്രീധരന്റെ പ്രതികരണം.
സംസ്ഥാനത്ത് ബിജെപിക്ക് വലിയൊരു മുന്നേറ്റമുണ്ടാകും. ഇപ്പോള്‍ തന്നെ ബിജെപിക്ക് 17 ശതമാനത്തിലധികം വോട്ട് ഷെയറുണ്ട്. ഒരു പത്തോ പന്ത്രണ്ടോ ശതമാനം വോട്ട് കൂടി ആയാല്‍ തന്നെ ബിജെപിക്ക് ഭരണം പിടിച്ചെടുക്കാമല്ലോ. നിഷ്പ്രയാസം ജയിക്കും, മൂഡ് കണ്ടിട്ട്, ആളുകളുടെ സമീപനം കണ്ടിട്ട് അതാണ് മനസിലാകുന്നതെന്നും ഇ ശ്രീധരന് പറഞ്ഞു.
ഇവിടെ എന്റെ ജയത്തിന്റെ പ്രധാന കാരണമായുണ്ടാകുക എന്റെ വ്യക്തിത്വം തന്നെയാണ്. ആ വ്യക്തിത്വത്തിന്റെ പ്രഭാവം ബിജെപിയിലേക്കും പോയിട്ടുണ്ട്. അതുകൊണ്ടാണ് ജയിക്കാന്‍ പോകുന്നത്. യുഡിഎഫ് സര്‍ക്കാരുള്ള സമയത്ത് എന്റെ അനുഭവം വളരെ സന്തോഷകരമായിരുന്നു. പതുക്കെയാണെന്ന് മാത്രം.
എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യത്തെ ഒന്ന് രണ്ട് വര്‍ഷം വലിയ കുഴപ്പമുണ്ടായിരുന്നില്ല. അതിന് ശേഷം വളരെ വ്യത്യസ്തമായി. ഡിഎംആര്‍സിയെ കേരളത്തില്‍ നിന്ന് ഓടിക്കണമെന്ന ഉദ്ദേശ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചെന്നാണ് എനിക്ക് തോന്നിയത്.
ബിജെപി സംസ്ഥാനത്ത് അധികാരം പിടിക്കാന്‍ സാധ്യതയുണ്ട്. ആം ആദ്മി പാര്‍ട്ടി എങ്ങനെയാണ് ഡല്‍ഹി പിടിച്ചെടുത്തത്. അവര്‍ക്ക് അവിടെ വേരുകളൊന്നും ഉണ്ടായിരുന്നില്ല. കേരളത്തില്‍ ബിജെപിക്ക് അതിനേക്കാള്‍ വേരുകളുണ്ട്. ത്രിപുര ഒറ്റ രാത്രി കൊണ്ട് ബിജെപി എങ്ങനെയാണ് പിടിച്ചെടുത്തത്.
അങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടേയുമുണ്ടാകും. ജനങ്ങള്‍ക്ക് എല്‍ഡിഎഫിനേയും യുഡിഎഫിനേയും മടുത്തതുകൊണ്ട് വലിയൊരു മാറ്റം വരുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഇരുമുന്നണികളിലുമുള്ള തട്ടിപ്പുകളും അഴിമതിയും ഒന്നും ഇനിയും അറിയില്ലല്ലോ.
അപ്പോള്‍ ജനങ്ങള്‍ക്ക് തീരുമാനിക്കാം എങ്ങനുള്ള സര്‍ക്കാരാണ് അവര്‍ക്ക് വേണ്ടതെന്ന്. പരിശുദ്ധമായ സര്‍ക്കാരാണ് വേണ്ടതെന്ന് അവര്‍ തീര്‍ച്ചയായിട്ടും തീരുമാനിക്കും. അതുകൊണ്ടാണ് ഞാന്‍ ധാരാളം വോട്ടുകള്‍ ബിജെപിക്ക് വരാന്‍ സാധ്യതയുണ്ടെന്ന് താന്‍ പറയുന്നതെന്നും ഇ ശ്രീധരന് കൂട്ടിച്ചേര്‍ത്തു.