ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401 അടിയായി. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് കുറയാത്തതിനാല്‍ ചെറുതോണി ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. ഇപ്പോള്‍ സെക്കന്‍ഡില്‍ പുറത്തേക്ക് വരുന്നത് 1,20,000 ലീറ്റര്‍ വെള്ളമാണ്. എന്നാല്‍ പുറത്തുപോകുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം ഇപ്പോഴും ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. മണിക്കൂറില്‍ 0.10 അടി എന്ന നിരക്കിലാണ് ജലനിരപ്പുയരുന്നത്.
ചെറുതോണി ടൗണിലും റോഡിലും കൃഷിയിടങ്ങളിലും വെള്ളം കയറി. ചെറുതോണിപ്പുഴ, പെരിയാര്‍ തീരങ്ങളിലും ജലനിരപ്പ് ഉയരുന്നതിനാല്‍ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇടുക്കിയില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലുവ, കളമശേരി, ഏലൂര്‍, പറവൂര്‍, കുന്നത്തുനാട് മേഖലകളിലും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. മഴ തുടര്‍ച്ചയായി പെയ്യുകയാണ്.