മലപ്പുറം; സ്വന്തം വീട്ടിലെ കിണറ്റില്‍ നിന്ന് വെള്ളമെടുത്തതിന് അച്ഛനെ ക്രൂരമായി മര്‍ദിച്ച് അവശനാക്കിയ കേസില്‍ മകനും മരുമകളും അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. നിലമ്പൂര്‍ രാമംകുത്ത് പനയ്ക്കാമുറ്റത്ത് എണ്‍പത്തിയൊമ്പതുകാരനായ നൈനാനാണ് മര്‍ദനമേറ്റത്.
സംഭവത്തില്‍ മൂത്ത മകന് ചെറിയാന് (65), ഭാര്യ സൂസമ്മ (60) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ചെറിയാനും കുടുംബവും താമസിക്കുന്നതിന് സമീപം പഴയ വീട്ടില്‍ നൈനാന് ഒറ്റയ്ക്ക് താമസിക്കുകയാണ്.
2 പേര്‍ക്കുംകൂടി ഒരു കിണറാണുള്ളത്. മോട്ടര്‍ ഉപയോഗിച്ചു വീട്ടിലെ ടാങ്കില്‍ വെള്ളം നിറയ്ക്കാന്‍ നൈനാന് പൈപ്പ് തിരിച്ചപ്പോള്‍ മകനും മരുമകളും ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വടി കൊണ്ട് അടിച്ചു പരുക്കേല്പിക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.
ദേഹമാസകലം പരുക്കുകളോടെ നൈനാനെ അയല്‍വാസികളാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. നൈനാനും മകനും തമ്മില്‍ കുടുംബപ്രശ്നമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. ഏഴു മക്കളാണ് നൈനാന്. ഭാര്യ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു. ചെറിയാന്, സൂസമ്മ എന്നിവരെ പൊലീസ് കോടതിയില്‍ ഹാജരാക്കി.