ഇടുക്കി; യുഡിഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ചിത്രം ദുരുപയോഗം ചെയ്തെന്ന് പരാതിയുമായി രക്ഷിതാക്കള്‍. ഇടുക്കി മൂലമറ്റം സ്വദേശിനിയായ അന്ന കെ.ജോസഫിന്റെ ചിത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്.
സംഭവത്തില്‍ അന്നയുടെ അച്ഛന് ജോസഫ് സ്കറിയ പൊലീസില്‍ പരാതി നല്കി. അരി പൂഴ്ത്തിവച്ച പിണറായി വിജയന്റെ പാര്‍ട്ടിക്ക് എന്റെയും അച്ഛനന്മമാരുടേയും വോട്ടില്ലെന്നെഴുതിയ പോസ്റ്ററുമായി നില്ക്കുന്ന അന്നയുടെ ചിത്രം യുഡിഎഫ് അനുകൂല വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഫെയ്സ്ബുക്ക് പേജുകളിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.
ഇതോടെയാണ് പെണ്‍കുട്ടിയുടെ കുടുംബം പരാതിയുമായി രംഗത്തെത്തിയത്. ചിത്രം ഫോട്ടോഷോപ്പിലൂടെ എഡിറ്റ് ചെയ്തതാണെന്നും ചിത്രത്തിലെഴുതിയിരിക്കുന്ന കാര്യങ്ങളുമായി തങ്ങള്‍ക്ക് യാതൊരുബന്ധമില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് ജോസഫ് സ്കറിയപരാതിയില് പറയുന്നു.
അഞ്ചു വര്‍ഷം മുമ്പ് വിദ്യാഭ്യാസത്തെ സംബന്ധിച്ചെഴുതിയ പോസ്റ്ററുമായി നില്ക്കുന്ന മകളുടെ ചിത്രം ജോസഫിന്റെ ഷാജി കുഴിഞ്ഞാലില്‍ എന്ന പേരിലുളള തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. ഇത് എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്.
സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായി സെക്രട്ടറിയേറ്റ് അസോസിയേഷന്റെ പ്രചാരണന നോട്ടീസിലും വിദ്യാര്‍ത്ഥിനിയുടെ എഡിറ്റ് ചെയ്ത ഫോട്ടോ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെഎസ്ഇബിയിലെ ഇടതുസംഘടനാ പ്രവര്‍ത്തകനായ ജോസഫിന്റെ കുടുംബം ഇടതുപക്ഷ അനുഭാവികളാണ്. മകള്‍ ബാലസംഘം ഏരിയാസെക്രട്ടറിയാണ്.