കോട്ടയം: എല്‍ഡിഎഫിന് അനുകൂല സര്‍വ്വേകള്‍ യുഡിഎഫിന് തെരഞ്ഞെടുപ്പിന് മുമ്പേ വലിയ നേട്ടമുണ്ടാക്കിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിയില്‍ സജീവമാകാത്ത പ്രവര്‍ത്തകര്‍ പൂര്‍വ്വാധികം ആവേശത്തോടെ പ്രചരണരംഗത്തേക്ക് എത്തിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. എല്‍ഡിഎഫ് അനുകൂല സര്‍വ്വേകള്‍ കാരണം ഞങ്ങള്‍ പറഞ്ഞാല്‍ പോലും പ്രവര്‍ത്തിക്കാത്ത പ്രവര്‍ത്തകര്‍ ഇത്തവണ ഊര്‍ജ്ജസ്വലരായി പ്രചരണ രംഗത്ത് ഇറങ്ങിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കോണ്‍ഗ്രസിലെ ടി.എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് സ്കൂള്‍ കുട്ടികളുടെ വീടുകളിലേക്ക് അരി നല്‍കണമെന്ന് ആദ്യം തീരുമാനിച്ചത്. പ്രതിപക്ഷം അന്നം മുടക്കിയാണന്ന് പറഞ്ഞ പിണറായി വിജയനെ ജനം തിരിച്ചറിയുമെന്നും പാവപ്പെട്ട കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തിനുള്ള അരി വിതരണം ചെയ്യാതെ വെച്ചതിന് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അരി വിതരണത്തെ ഉപയോഗിച്ചതിനെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എതിര്‍ത്തത്. അത് തെരഞ്ഞെടുപ്പ് കമ്മീഷനെ ചൂണ്ടികാണിക്കുകയാണ് ചെയ്തതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.