കുളമാവ്: നാടുകാണിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയിലും പെണ്‍കുട്ടിയെ പരിക്കേറ്റനിലയിലും കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. യുവാവിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി.
പതിനേഴുകാരിയെ പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ കൊന്നതാകാമെന്നാണ് ബന്ധുക്കളുടെ ആരോപണം.
കോട്ടയം മേലുകാവുമറ്റം സ്വദേശി അലക്സ് ആണ് മരിച്ചത്. ഇടുക്കി സ്വദേശിയായ പതിനേഴുകാരിയുമായി അലക്സ് പ്രണയത്തിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാടുകാണിയില്‍ എത്തിയപ്പോള്‍, വീട്ടുകാര്‍ വിവാഹം നടത്താന്‍ സമ്മതിക്കാത്തതിനാല്‍ ഒരുമിച്ച് മരിക്കാമെന്ന് അലക്സ് പെണ്‍കുട്ടിയോട് പറഞ്ഞു.
പെണ്‍കുട്ടി വിസമ്മതിച്ചതോടെ തര്‍ക്കമായി. തര്‍ക്കത്തിനിടെ തന്നെ തള്ളി തള്ളിയിട്ടെന്നാണ് പെണ്‍കുട്ടി അര്‍ധബോധാവസ്ഥയില്‍ മൊഴി നല്‍കിയത്. അതേസമയം പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ അലക്സിനെ കൊന്നതാകാമെന്നാണ് ബന്ധുക്കളുടെ ആരോപണം.
അലക്സിനെ കൊന്നതാണെന്നും അന്വേഷിക്കണമെന്നും കാണിച്ച് സഹോദരി ഡിവൈഎസ്പിക്ക് പരാതി നല്കി. കഴിഞ്ഞ ദിവസം ഇരുവരെയും കാണാനില്ലെന്ന് അറിയിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുളമാവിനടുത്ത് ഇരുവരുമുണ്ടെന്ന് വിവരം കിട്ടി.
പൊലീസ് പരിശോധനയില്‍ നാടുകാണി പവലിയനടുത്തുനിന്ന് അലക്സിന്റെ ബൈക്ക് കണ്ടെത്തി. തുടര്‍പരിശോധനയില്‍ പവലിയന് താഴെ അലക്സിനെ ജീന്‍സ് പാന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ പവലിയന് 250 അടി താഴെ നിന്നാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ നാടുകാണി ചുരത്തില്‍ നിന്ന് തള്ളിയിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് വിലയിരുത്തല്‍.