മലപ്പുറം: തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ മുന്നണികളെ വലച്ച് അപരശല്യം. ജില്ലയിലെ ആകെയുള്ള 16 മണ്ഡലങ്ങളിൽ ഒമ്പതിലും അപരന്മാരുണ്ട്. വേങ്ങര, മലപ്പുറം, വണ്ടൂർ, നിലമ്പൂർ, മഞ്ചേരി, വള്ളിക്കുന്ന്, ഏറനാട് എന്നീ മണ്ഡലങ്ങളിലാണ് അപരശല്യം ഇല്ലാത്തത്. 7 മണ്ഡലങ്ങളിൽ എൽഡിഎഫും യുഡിഎഫും ഒരു പോലെ അപരന്മാരെ കൊണ്ട് വലഞ്ഞിരിക്കുകയാണ്. പൊന്നാനിയിൽ യുഡിഎഫിന് മാത്രവും തിരൂരങ്ങാടിയിൽ എൽഡിഎഫിന് മാത്രവുമായാണ് അപരന്മാരുള്ളത്.
തിരൂരങ്ങാടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെപിഎ മജീദിന് അപരന്മാരേക്കാൾ ഭയക്കേണ്ടത് ബിഎസ്പി സ്ഥാനാർത്ഥി പി അബ്ദുൽ മജീദിനെയാണ്. തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലാണ് അപരന്മാരുടെ എണ്ണത്തിൽ സമ്പന്നൻ. ആണ് ഏറ്റവും കൂടുതൽ അപരന്മാരുള്ള സ്ഥാനാർത്ഥിയായ ഇദ്ദേഹത്തിന് 4 പേരെയാണ് എതിർക്കേണ്ടത്. ഫിറോസ് കുന്നത്ത് പറമ്പിൽ, ഫിറോസ് നെല്ലാംകുന്നത്ത്, ഫിറോസ് പരുവിങ്ങൽ, ഫിറോസ് നുറുക്കുപറമ്പിൽ എന്നിങ്ങനെ പോകുന്നു അപരന്മാർ. അതേസമയം, എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി കെടി ജലീലിന് ഇതേ പേരിലുള്ള അപരനെയാണ് നേരിടേണ്ടത്.
കോട്ടയ്ക്കലിൽ എൽഡിഎഫ്,യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ഓരോ അപരന്മാരുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി കെകെ ആബിദ് ഹുസൈൻ തങ്ങൾക്ക് അത്രവലിയ സാമ്യമില്ലാത്ത ഒരു അപരനുണ്ട് സൈനുൽ ആബിദ് തങ്ങൾ. എൽഡിഎഫ് സ്ഥാനാർത്ഥി എൻഎ മുഹമ്മദ് കുട്ടിക്ക് മുഹമ്മദ് കുട്ടി എന്ന പേരുള്ളയാളാണ് അപരൻ. പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാർത്ഥി എഎം രോഹിതിന്റെ അപരന്റെ പേര് രോഷിത്.
തിരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീനും എൽഡിഎഫ് സ്ഥാനാർത്ഥി ഗഫൂർ പി ലില്ലീസിനും 2 വീതം അപരന്മാരുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ അപരന്മാർ മൊയ്തീൻ വലിയകത്ത്, മൊയ്തീൻ മിന്ത്രത്തകത്ത് തുടങ്ങിയവരാണ്. മൊയ്തീൻ പൂളയ്ക്കൽ എന്ന അപരൻ പത്രിക പിൻവലിച്ചിരുന്നു.
എൽഡിഎഫ് സ്ഥാനാർത്ഥി ഗഫൂർ പി ലില്ലീസിന്റെ അപരൻമാർ അബ്ദുൽ ഗഫൂർ പുളിക്കിൽ, അബ്ദുൽ ഗഫൂർ വലിയപീടികക്കൽ തുടങ്ങിയവരാണ്. താനൂരിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വിഅബ്ദുറഹിമാന് 3 അപരൻമാർ. 3 പേരും വി അബ്ദുറഹിമാൻ എന്നു തന്നെ. യുഡിഎഫ് സ്ഥാനാർത്ഥി പികെ ഫിറോസിനുമുണ്ട് 2 അപരന്മാർ. 2 പേരും ഫിറോസ് എന്ന് മാത്രം.
മങ്കടയിലെ യുഡിഎഫ് സ്ഥാനാർത്ഥി മഞ്ഞളാംകുഴി അലിക്ക് 3 അപരന്മാരുടെ ശല്യമുണ്ട്. മൂലാംകുഴിയിൽ അലി, മുഞ്ഞക്കൽ അലി, എം ആലി. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി ടികെ റഷീദലിക്കുമുണ്ട് അതേ പേരിലുള്ള അപരൻ. പെരിന്തൽമണ്ണയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി കെപി മുഹമ്മദ് മുസ്തഫയും 3 അപരന്മാരുള്ള സ്ഥാനാർത്ഥിയാണ്. മുസ്തഫ, പികെ മുസ്തഫ, കെപി മുഹമ്മദ് മുസ്തഫ എന്നിവർ. യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന് നജീബ് കുറ്റീരി എന്നൊരു അപരനുണ്ട്.
തിരൂരങ്ങാടിയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്തിന് നിയാസ് എന്നും പേരായ അപരനുണ്ട്.
കൊണ്ടോട്ടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ടിവി ഇബ്രാഹിമിന് സിവി ഇബ്രാഹിം എന്നും എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി കെപി സുലൈമാൻ ഹാജിക്ക് ‘സുലൈമാൻ ഹാജി’ എന്നും പേരുള്ള അപരന്മാരുണ്ട്.