കൊച്ചി: പണം പിന്നെ തരാമെന്ന് പറഞ്ഞ് മാറ്റിവപ്പിച്ച ലോട്ടറി ടിക്കറ്റിന് ഒന്നാംസമ്മാനം. ആലുവ സ്വദേശി പികെ ചന്ദ്രനെയാണ് സമ്മര്‍ ബംബര്‍ ഭാഗ്യക്കുറിയിലെ ആറ് കോടി രൂപയുടെ ഭാഗ്യം കടാക്ഷിച്ചത്. ഞായറാഴ്ചത്തെ നറുക്കെടുപ്പില്‍ ചന്ദ്രന് എടുത്ത എസ്ഡി 316142 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.
കീഴ്മാട് ചക്കംകുളങ്ങര പാലച്ചോട്ടില്‍ ചന്ദ്രനാണ് കടം പറഞ്ഞ ടിക്കറ്റില്‍ ഭാഗ്യം കടാക്ഷിച്ച വ്യക്തി. പട്ടിമറ്റം വലമ്പൂരില്‍ താമസിക്കുന്ന സ്മിജ കെ മോഹനന്റെ പക്കലാണ് ചന്ദ്രന് ടിക്കറ്റ് കടമായി പറഞ്ഞുവെച്ചത്. പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജന്‍സിയില്‍ നിന്ന് ലോട്ടറിയെടുത്താണ് സ്മിജ കീഴ്മാട് സൊസൈറ്റിപ്പടിക്ക് മുന്‍പിലും രാജഗിരി ആശുപത്രിക്കു മുന്‍പിലും വില്‍ക്കുന്നത്.
ഞായറാഴ്ച 12 ബംബര്‍ ടിക്കറ്റുകള്‍ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രന് ഉള്‍പ്പെടെയുള്ളവരെ ഫോണില്‍ വിളിച്ച് ടിക്കറ്റെടുക്കാന്‍ അഭ്യര്‍ഥിച്ചു. 6142 എന്ന നമ്പര്‍ മാറ്റി വെയ്ക്കാന്‍ പറഞ്ഞ ചന്ദ്രന് പണം ഇനി കാണുമ്പോള്‍ തരാമെന്നും പറഞ്ഞു.
ഞായറാഴ്ച വൈകീട്ടോടെ താന്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചെന്ന് ഏജന്‍സിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചു. ടിക്കറ്റ് നമ്പര്‍ പറഞ്ഞതോടെ പൈസ പിന്നെ തരാമെന്നു പറഞ്ഞ് മാറ്റിവെച്ച ടിക്കറ്റിനാണ് സമ്മാനമെന്ന് സ്മിജ തിരിച്ചറിഞ്ഞു. തന്റെ കൈവശമിരുന്ന ടിക്കറ്റ് രാത്രി തന്നെ ചന്ദ്രന്റെ വീട്ടിലെത്തി നല്കി തുകയായ 200 രൂപ കൈപ്പറ്റി.
സ്മിജയുടെ സത്യസന്ധതയാണ് തനിക്ക് ഒന്നാം സമ്മാനം ലഭിക്കാന്‍ കാരണമെന്ന് ചന്ദ്രന് പറഞ്ഞു. കീഴ്മാട് ഡോണ്‍ ബോസ്കോയില്‍ പൂന്തോട്ട പരിപാലകനായി ജോലി ചെയ്യുകയാണ് ചന്ദ്രന്. വര്‍ഷങ്ങളായി സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ടെങ്കിലും തീരെ ചെറിയ സമ്മാനങ്ങളാണ് അടിച്ചിരുന്നത്. ഭാര്യ: ലീല. മക്കള്‍: ചലിത, അഞ്ജിത, അഞ്ജിത്ത്.