കൊല്ലം: തന്നെ അറിയിക്കാതെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി 5 വയസുള്ള കുട്ടിയെ ഏറ്റെടുത്തുവെന്ന ആരോപണവുമായി ഗര്‍ഭിണിയായ യുവതി. കുട്ടിയെ വിട്ടുകിട്ടാന്‍ ശിശുക്ഷേമ മന്ദിരത്തിന് മുന്പില് യുവതി പ്രതിഷേധം നടത്തി. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയാണ് ഉളിയക്കോവിലിലെ ശിശുക്ഷേമ മന്ദിരത്തിനു മുന്നില്‍ പകല്‍ മുഴുവന്‍ പ്രതിഷേധിച്ചത്.
ഒടുവില്‍, രേഖകളുമായി വന്നാല്‍ നാളെ വിഷയം പരിഗണിക്കാം എന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങി. കുട്ടിയെ തിരികെ കിട്ടും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഈ അമ്മ പറയുന്നു. കരുനാഗപ്പള്ളിയില്‍ 5 വയസ്സുകാരിയായ മകള്‍ക്കൊപ്പമാണ് 8 മാസം ഗര്‍ഭിണിയായ ഇവര്‍ കഴിഞ്ഞിരുന്നത്. ഒരാഴ്ച മുന്‍പ് പ്രസവസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് വിക്ടോറിയ ആശുപത്രിയില്‍ ചികിത്സ തേടി.
കുടുംബാംഗങ്ങള്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നതിനാല്‍ അയല്‍വാസിയായ സ്ത്രീയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യുവതിയെ അടിയന്തരമായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നപ്പോള്‍ കുട്ടിയുടെ സംരക്ഷണച്ചുമതല ഏല്പിക്കാനായി മറ്റു ബന്ധുക്കളെ വിളിച്ചു വരുത്തി.
എന്നാല്‍ കുട്ടി ഇവര്‍ക്കൊപ്പം പോയില്ലെന്നും തന്റെ ഒപ്പം നില്‍ക്കാനാണ് താല്പര്യം പ്രകടിപ്പിച്ചതെന്നും അയല്‍വാസി അറിയിച്ചു. എന്നാല്‍. 2 ദിവസത്തിന് മുന്‍പ് കുട്ടിയെ ശിശുക്ഷേമ മന്ദിരത്തിലേക്ക് മാറ്റിയതറിഞ്ഞു. പിന്നാലെ ഇവര്‍ തിരികെ എത്തി, മന്ദിരത്തിന് മുന്നില്‍ പ്രതിഷേധിക്കുകയുമായിരുന്നു. അതേസമയം സിഡിഎസ് അധ്യക്ഷ തന്നെയാണ് കുട്ടിയെ സുരക്ഷ കണക്കിലെടുത്ത് മന്ദിരത്തിലേക്ക് മാറ്റിയതെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് കെ.പി.സജിനാഥ് പറഞ്ഞു.
അതേസമയം, പ്രതിഷേധം ഉയര്‍ത്തിയ യുവതിക്ക് സ്വന്തമായി വീടോ വരുമാനമോ ഇല്ല. മന്ദിരത്തിലേക്ക് മാറ്റിയത് ആദ്യ വിവാഹത്തിലെ കുട്ടിയെയാണ്. നിയമപരമായി വിവാഹം കഴിക്കാതെ കൂടെ കഴിഞ്ഞിരുന്ന ആള് ഉപേക്ഷിച്ചതിനെത്തുടര്‍ന്നാണ് വരുമാനം നിലച്ചത്. പ്രസവശേഷം 2 കുട്ടികളെയും ഏറ്റെടുക്കാനും അമ്മയ്ക്കൊപ്പം കഴിയാവുന്ന വിധത്തില്‍ ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റാനും തയാറാണെന്നും ചെയര്മാന് അറിയിച്ചു.