മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. മിക്ക പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെടുന്ന ചാരിറ്റി പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പിലിനെതിരെ പരസ്യ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി.
കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ മലപ്പുറത്തിന് വേണ്ട, കുന്നംപറമ്പില്‍ വേണ്ടേ വേണ്ട എന്നിങ്ങനെയുള്ള മുദ്ര്യവാക്യം വിളികളുമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. മലപ്പുറം ഡിസിസി ഓഫീസിന് മുമ്പിലായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.
ഇടതുപക്ഷ സ്ഥാനാര്‍ഥി കെ ടി ജലീലിനെതിരെ കൈപ്പത്തി ചിഹ്നത്തില്‍ തന്നെ ഫിറോസിനെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മുസ്ലിംലീഗിന്റെ കൂടി താത്പര്യം പരിഗണിച്ചാണ് ചാരിറ്റി പ്രവര്ത്തകന് ഫിറോസ് സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി, കെപിസിസി സെക്രട്ടറി കെപി നൗഷാദലി എന്നിവരെ മറികടന്നാണ് ഫിറോസ് അന്തിമപട്ടികയിലെത്തിയത്.