ചെറുവത്തൂര്‍: റെയില്‍വേ ട്രാക്കിലേക്കു വീണ തെങ്ങ് മിനിറ്റുകള്‍ക്കകം നീക്കം ചെയ്ത് തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ ഒഴിവാക്കിയത് വന്‍ദുരന്തം. കാസര്‍കോട് ജില്ലയിലെ കാര്യങ്കോട് റെയില്‍വേ ട്രാക്കിലാണ് തെങ്ങ് പൊട്ടി വീണത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ തെങ്ങ് പാളത്തിലേക്ക് പൊട്ടിവീണത്.
തെങ്ങ് വീണ് 10 മിനിറ്റിനുള്ളില്‍ ഏറനാട് എക്സ്പ്രസ് പാളത്തിലൂടെ കുതിച്ചെത്തി. കാര്യങ്കോട് പാലത്തിലേക്ക് ട്രെയിന്‍ കയറുന്ന സ്ഥലത്താണ് തെങ്ങ് വീണത്. ശബ്ദം കേട്ട് പുറത്തിറങ്ങിയ മയിച്ചയിലെ രാജന്റെ ഭാര്യ യശോദ ഉടന്‍ തന്നെ സമീപത്തെ വളപ്പില്‍ പണിയെടുക്കുകയായിരുന്ന മുപ്പതോളം സ്ത്രീകളെ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞയുടന്‍ അവര്‍ പണിയായുധങ്ങളെടുത്ത് പാളത്തിലേക്ക് ഓടി. ഈ സമയം ചെറുവത്തൂര്‍ റെയില്‍ സ്റ്റേഷനിലേക്ക് മംഗലാപുരത്തേക്ക് പോകുന്ന ഏറനാട് എക്സ്പ്രസ് എത്തിയിരുന്നു. ട്രെയിന്‍ വരുന്ന സമയമാണിതെന്ന് അറിഞ്ഞതോടെ എല്ലാവരും ചേര്‍ന്ന് തെങ്ങ് വെട്ടി മാറ്റി പാളത്തില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു.
ഇതിനിടയില്‍ ട്രെയിന്‍ കടന്ന് വന്നാല്‍ അപകടസൂചന നല്കാന് കുറച്ച് സ്ത്രീകള്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് കുറച്ച് മുന്നോട്ട് നിന്നിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തെങ്ങ് പാളത്തില്‍ നിന്ന് പുറത്തേക്ക് മാറ്റാന്‍ സ്ത്രീകള്‍ക്ക് കഴിഞ്ഞു.
ഇതിനു തൊട്ടുപിന്നാലെ എറനാട് കുതിച്ചെത്തിയിരുന്നു. തെങ്ങ് വെട്ടിമാറ്റുന്നതിനിടയില്‍ സുജിത എന്ന തൊഴിലാളിക്ക് പരുക്കേറ്റിരുന്നു. ഇവരെ ചെറുവത്തൂരിലെ സ്വാകര്യ ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചു. പാളത്തിന് സമീപത്ത് അപകടകരമായി നില്ക്കുന്ന തെങ്ങ് മുറിച്ച് മാറ്റണമെന്ന് നാട്ടുകാര്‍ റെയില്‍വേ ജീവനക്കാരോട് നേരത്തെ പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല.