കോട്ടയം: ശബരിമല, മാളികപ്പുറം പുറപ്പെടാശാന്തിമാരുടെ ക്രിക്കറ്റ് കളിയുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മാറിയിരിക്കുന്നത്. കോവിഡ് കാലത്തെ അതിജീവിക്കാന്‍ പുറപ്പെടാശാന്തിമാര്‍ പൂജയുടെ ഇടവേളയില്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോയ്ക്ക് കൈയ്യടിക്കുകയാണ് കേരളക്കര.
ശബരിമല മേല്‍ശാന്തി തൃശൂര്‍ കൊടുങ്ങല്ലൂര്‍ പൂപ്പത്തി വാരിക്കാട്ട് മഠത്തില്‍ വി.കെ.ജയരാജ്, മാളികപ്പുറം മേല്‍ശാന്തി അങ്കമാലി വേങ്ങൂര്‍ മൈലക്കൊട്ടത്ത് മനയില്‍ എം. എന്‍. രെജികുമാര്‍ ജനാര്ദനന് നമ്പൂതിരി എന്നിവര്‍ ക്രിക്കറ്റ് കളിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
വി.കെ.ജയരാജ് വിഡിയോയെക്കുറിച്ച് പറയുന്നത് ഇങ്ങനെ: ”പൂജയുടെ ഇടവേളയില്‍ യോഗയും സംസ്കൃതപഠനവുമാണ് പതിവ്. പിന്നെ നടപ്പന്തലില്‍ ദിവസവും നടക്കുമായിരുന്നു. രണ്ടാഴ്ച മുന്‍പ് അവിടെ പുലിയിറങ്ങി. പിന്നെ അവിടെയുള്ള നടപ്പ് വേണ്ടെന്നുവച്ചു.
മാളികപ്പുറം മേല്‍ശാന്തിയുടെ മഠത്തിലാണ് വൈകിട്ടത്തെ ഒത്തുചേരല്‍. അവിടെ താരതമ്യേന നല്ല സൗകര്യമുണ്ട്. സംസ്കൃതപഠനം അവിടെയാണ്. മഠത്തിന്റെ മുറ്റത്ത് ബാഡ്മിന്റന്‍ കളിയാണ് പതിവ്. കൗതുകത്തിന് ഒരു ദിവസം ക്രിക്കറ്റും കളിച്ചു. അത് അവിടെ നിന്നവര്‍ മൊബൈലില്‍ പകര്‍ത്തി. സ്വാമിമാരുടെ ഗ്രൂപ്പിലാണ് ആദ്യം വന്നത്.
കോവിഡ് കാല വിനോദമായി കണ്ടാല്‍ മതി.” കോവിഡ് കാരണം ശബരിമലയില്‍ ഉണ്ടായ പോരായ്മ പരിഹരിക്കുന്നതിനു ദേവസ്വം ബോര്‍ഡ് ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ”വാക്സിനേഷന്റെ രണ്ടാംഘട്ടത്തിനു തുടക്കമിട്ടതായി അറിഞ്ഞു. പക്ഷേ, ഇവിടേക്ക് വാക്സീനുമായി ആരും എത്തിയില്ല. എത്തുമെന്നു കരുതുന്നു.”- അദ്ദേഹം പറഞ്ഞു.
ഇരുവരും പുറപ്പെടാശാന്തിമാരായതിനാല് ശബരിമലയും സന്നിധാനവും മേല്‍ശാന്തിമഠവും വിട്ട് പുറത്തുപോകാന്‍ കഴിയില്ല.