കൊച്ചി: സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഈ മാസം ഒന്‍പതിന് വിതരണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്. ചിങ്ങപുലരിക്കു മുന്‍പ് പെന്‍ഷനുകള്‍ ലഭ്യമാക്കുമെന്നും സഹകരണ സംഘങ്ങള്‍ വഴിയുള്ള പെന്‍ഷനുകളാണ് ആദ്യം വിതരണം ചെയ്യുന്നതെന്ന് ധനമന്ത്രി കൂട്ടിചേര്‍ത്തു.
പണത്തിന്റെ പ്രയാസങ്ങള്‍ ഓണത്തിന്റെ നിറം കെടുത്താന്‍ ഇടയാവരുത്. പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും അനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള പണം 17,18 തീയതികളില്‍ അയക്കും.
40.61 ലക്ഷം പേര്‍ക്കാണ് ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുക. ലോട്ടറി തൊഴിലാളികള്‍ക്ക് 6000രൂപ ബോണസ് നല്‍കാനും തൊഴിലുറപ്പില്‍ 100 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് 1000രൂപ വീതം ഉത്സവബത്ത നല്‍കാനും ധനവകുപ്പ് അനുമതിനല്‍കി. ആഗസ്റ്റ് മാസത്തിലെ ശമ്പളവും വിരമിച്ചവര്‍ക്കുള്ള പെന്‍ഷനും മുന്‍കൂറായി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.