മലപ്പുറം: ഭാര്യയുടെ പ്രസവ സംബന്ധമായ ആവശ്യത്തിനു വേണ്ടി മലപ്പുറം കരുവാരക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോള്‍ കണ്ട ഒരു കാഴ്ചയെപ്പറ്റി വിവരിക്കുകയാണ് അബ്ദുള്‍ നാസര്‍ എന്ന യുവാവ്. ആശുപത്രിയിലേക്ക് ഓടിക്കിതച്ചെത്തിയിട്ടും ചികിത്സ നിഷേധിച്ച ഒരു ഭര്‍ത്താവിന്റേയും ഗര്‍ഭിണയായ ഭാര്യയുടേയും അനുഭവമാണ് അബ്ദുള്‍ നാസര്‍ ചൂണ്ടിക്കാട്ടിയത്.
പ്രസവ വേദനയില്‍ പുളഞ്ഞപ്പോഴും അവര്‍ മുഖംതിരിച്ചു, നിര്‍ദാക്ഷിണ്യം ഒഴിവാക്കി. കരുണ കാട്ടേണ്ട ഗര്‍ഭിണിയോട് പോലും കൈമലര്‍ത്തി കാണിക്കുന്നുവെങ്കില്‍ അതിലും വലിയൊരു ക്രൂരതയില്ലെന്ന് അബ്ദുള്‍ നാസര്‍ പറയുന്നു. ‘വനിത ഓണ്‍ലൈനോടാണ്’ അബ്ദുള്‍ നാസര്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.
അബ്ദുള്‍ നാസറിന്റെ വാക്കുകളിലൂടെ…
ഭാര്യയുടെ പ്രസവ സംബന്ധമായ ആവശ്യവുമായി ബന്ധപ്പെട്ട് ഞാന്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്നു. സമയം രാത്രിയായി. ഓടിക്കിതച്ച് വിയര്‍ത്തു കുളിച്ച് ഒരു മനുഷ്യന് ഓടി വരുന്നു. കാഷ്വാലിറ്റി ലക്ഷ്യമാക്കി ഓടുന്ന അയാള്‍ക്കു പുറകിലായി അയാളുടെ ഗര്‍ഭിണിയായ ഭാര്യയുണ്ട്. ബന്ധുവിന്റെ സഹായത്തോടെ വേച്ചുവേച്ച് അവര്‍ നടന്നു വരികയാണ്. ഡ്യൂട്ടി ഡോക്ടറെത്തി ഭാര്യയെ മുറിയിലേക്ക് കയറ്റും വരെ അയാള്‍ക്ക് സമാധാനമില്ലായിരുന്നു. ഗര്‍ഭിണിയെ അകത്തു കയറ്റിയ ശേഷം ടെന്ഷനോടെ ഓടി നടന്ന അയാളുടെ അരികിലേക്ക് ഞാന്‍ ചെന്നു. സമാധാനമായിരിക്കാന്‍ പറഞ്ഞു… കാത്തിരിപ്പിന്റെ നിമിഷങ്ങളിലെപ്പോഴോ ഞാന്‍ അയാളോട് കാര്യം തിരക്കി? കുറച്ചു കൂടി നേരത്തേ എത്താമായിരുന്നില്ലേ…പെയിന്‍ വരുന്നത് വരെ എന്തേ കാത്തു നിന്നു എന്ന് ചോദിച്ചു? നിറഞ്ഞ മിഴികളോടെയാണ് ആ ചേട്ടന് എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത്.
ഒരു സാധാരണ കൂലിപ്പണിക്കാരനായിരുന്നു അദ്ദേഹം. എട്ടാം മാസം ഭാര്യ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചപ്പോഴേ അവരെ അടുത്തുള്ള ഗവണ്മെന്റ് ആശുപത്രിയിലെത്തിച്ചു. പ്രതീക്ഷയോടെ കാത്തു നിന്ന നിമിഷത്തില്‍ സര്‍ക്കാര്‍ ഡോക്ടറുടെ മറുപടിയെത്തി. ‘പ്രസവത്തിന് സമയമായിട്ടില്ല… പോയി പിന്നെ എപ്പോഴെങ്കിലും വരൂ… തത്കാലം വേനയ്ക്ക് ഒരു ഇഞ്ചക്ഷന് കൊടുത്തിട്ടുണ്ട്.’ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ആ ഭര്‍ത്താവ് പകച്ചു നില്‍ക്കുകയായിരുന്നു. മറുവശത്ത് ഭാര്യ പ്രസവ വേദന കൊണ്ട് പുളയുന്നു. സര്‍ക്കാര്‍ ഡോക്ടര്‍ കൈമലര്‍ത്തിയപ്പോള്‍ അവസാന ശ്രമമെന്നോണം വീണ്ടും മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ഒന്ന് യാത്ര ചെയ്യാന്‍ പോലുമുള്ള സാഹചര്യം ആയിരുന്നില്ല എന്നോര്‍ക്കണം.
അവിടുത്തെ ഡോക്ടര്‍ പറഞ്ഞത് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം. ‘പരിശോധനയില്‍ കുഞ്ഞിന്റെ തല പുറത്തു വന്നിരിക്കുന്നു. ഇവിടെ പ്രസവത്തിനുള്ള സൗകര്യങ്ങളോ ശ്രുശ്രൂഷാ സാമഗ്രികളോ ഇല്ല. ഉടന്‍ നല്ലൊരു സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് വിട്ടോ’..ഒരു നേരത്തെ ഭക്ഷണത്തിനു പോലും കഷ്ടപ്പെടുന്നവന് മുന്നില്‍ ആദ്യം സര്‍ക്കാര്‍ ആശുപത്രിയുടെ വാതില്‍ കൊട്ടിയടയ്ക്കപ്പെട്ടു. സൂപ്പര്‍ സ്പെഷ്യാലിറ്റിയിലെ ചികിത്സ ചെലവ് താന്‍ എങ്ങനെ സഹിക്കും എന്നതായിരുന്നു അയാളുടെ ആശങ്ക. ഉദ്വേഗത്തിന്റെ മണിക്കൂറുകള്‍ക്കൊടുവില്‍ ആ ചേട്ടന്റെ ഭാര്യ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി.
പക്ഷേ പ്രസവം അല്പം കോംപ്ലിക്കേഷന് ആയതു കൊണ്ട് തന്നെ കുഞ്ഞ് ഇപ്പോള്‍ എന്‍ഐസിയും വാര്‍ഡിലാണ്. എന്റെ കുഞ്ഞിനേയും ഇതേ പോലെ എന്‍ഐസിയുവില്‍ 10 ദിവസത്തോളം കിടത്തിയിരുന്നു. അന്ന് ഒരു ലക്ഷം രൂപയ്ക്ക് അടുത്താണ് ചെലവായത്. എന്നേക്കാളും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ചേട്ടനു മുന്നിലും സമാനമായ സാഹചര്യമാണുള്ളത്. അത് അദ്ദേഹം എങ്ങനെ താങ്ങുമെന്നറിയില്ല. എന്തായാലും സര്‍ക്കാര്‍ ആശുപത്രിക്കാര് ഏറ്റെടുക്കാത്ത ആ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് മാത്രം ആശ്വസിക്കാം. ആ സ്ത്രീയുടെ ആദ്യ രണ്ട് പ്രസവവും ഗവണ്മെന്റ് ആശുപത്രിയില്‍ നോര്‍മ്മലായി കഴിഞ്ഞതാണ്. ആ പ്രതീക്ഷയിലാണ് വീണ്ടും അവര്‍ സര്‍ക്കാര്‍ ആശുപത്രിയുടെ വാതില്‍ മുട്ടിയത്. – അബ്ദുള്‍ നാസര്‍ പറഞ്ഞു നിര്‍ത്തി.