എടവണ്ണ: തന്റെ പഠന മികവിന് ലഭിച്ച പണം ചെലവഴിക്കാൻ നൂറു വഴികൾ ഉണ്ടായിട്ടും അതിനൊന്നും ശ്രമിക്കാതെ തന്റെ പിൻഗാമികൽക്കായി സമ്മാനിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. പ്ലസ് വൺ വിദ്യാർത്ഥിനിയായ ജിനാൻ ത്വാഹിറയാണ് തനിക്ക് ലഭിച്ച സ്കോളർഷിപ്പ് പൂർവവിദ്യാലയത്തിനായി നൽകിയത്.
ജിനാൻ ത്വാഹിറയ്ക്ക് എൻഎംഎംഎസ് സ്കോളർഷിപ്പാണ് ലഭിച്ചത്. ആദ്യവിഹിതം സ്കൂളിലെ മിടുക്കർക്കായി നീക്കിവെയ്ക്കുകയായിരുന്നു ഈ വിദ്യാർത്ഥിനി. ഒതായി പെരകമണ്ണ ഗവ. ഹൈസ്ക്കൂളിലെ പൂർവ വിദ്യാർത്ഥിനി എപി ജിനാൻ ത്വാഹിറയാണ് സ്കൂളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റ് ഏർപ്പെടുത്താൻ തുക കൈമാറിയത്.
ആദ്യഘട്ടത്തിൽ ലഭിച്ച സ്കോളർഷിപ്പ് തുകയായ 12,000 രൂപയാണ് ജിനാൻ കൈമാറിയത്. കഴിഞ്ഞദിവസം സ്കൂളിൽ നടന്ന ചടങ്ങിൽ പ്രഥമാധ്യാപിക എ സീനത്ത് തുക ഏറ്റുവാങ്ങി.
ഇക്കഴിഞ്ഞ പത്താംതരത്തിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ ജിനാൻ ത്വാഹിറ എടവണ്ണ ഇസ്ലാഹിയ ഓറിയന്റൽ സ്കൂളിൽ പ്ലസ്വൺ വിദ്യാർത്ഥിനിയാണ്.