തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വാനോളം പുകഴ്ത്തി ബിജെപി നേതാവ് ശോഭ സുരേന്ദ്രന് രംഗത്ത്. പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിന്റെ രാജ്യസഭയിലെ വിടവാങ്ങലില്‍ വികാരാധീനനായി മോഡി നടത്തിയ പ്രസംഗം തങ്കലിപികളാല്‍ അടയാളപ്പെടുത്തണമെന്ന് ശോഭാ സുരേന്ദ്രന് പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു ശോഭയുടെ പ്രതികരണം. തന്റെ ഏറ്റവും ശക്തനായ വിമര്ശകന് രാജ്യസഭയില്‍ നിന്ന് വിരമിക്കുമ്പോള്‍ വിതുമ്പലോടെ യാത്രയയ്ക്കുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും ശോഭ ഫേസ്ബുക്കിലെഴുതി.
ഇന്ത്യന്‍ മുസ്ലിം എന്ന സ്വയം വിശേഷിപ്പിച്ച കോണ്‍ഗ്രസുകാരനായ നേതാവിനോട് പോലും ആദരവ് അര്‍പ്പിച്ച പ്രധാനമന്ത്രിയുടെ നിലപാട് വിയോജിപ്പുകളോട് പോലും പ്രതികരിക്കാന്‍ പ്രചോദിപ്പിക്കുന്നതാണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
രാജ്യസഭ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് വിരമിക്കുമ്പോള്‍ പ്രധാനമന്ത്രി കണ്ഠം ഇടറി നടത്തിയ പ്രസംഗം ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തില്‍ തങ്ക ലിപികളാല്‍ അടയാളപ്പെടുത്തും. തന്റെ ഏറ്റവും ശക്തനായ വിമര്ശകന് രാജ്യസഭയില്‍ നിന്ന് വിരമിക്കുമ്പോള്‍ വിതുമ്പലോടെ യാത്രയയ്ക്കുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്.
കശ്മീരില്‍ നിന്നുള്ള അവസാനത്തെ രാജ്യസഭാ എംപി, വിടവാങ്ങല്‍ പ്രസംഗത്തില്‍ പോലും ഇന്ത്യന്‍ മുസ്ലിം എന്നു സ്വയം വിശേഷിപ്പിച്ച, കോണ്‍ഗ്രസുകാരനായ നേതാവിന് ആദരവിന്റെ കണ്ണീര്‍കണം സമര്‍പ്പിക്കുന്ന പ്രധാനമന്ത്രി തന്നെയാണ് വിയോജിപ്പുകളോട് തുറന്ന മനസോടെ പ്രതികരിക്കാന്‍ ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നത്.