താരസംഘടനയായ ‘അമ്മ’യുടെ ആസ്ഥാനമന്ദിരം ഉദ്ഘാടന ചടങ്ങില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന് ആരോപണം. താരലോകം അണിനിരന്ന ഉദ്ഘാടന ചടങ്ങ് നടത്തിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്കി. പരാതിക്ക് പിന്നാലെ ചടങ്ങില്‍ പങ്കെടുത്ത ഫോട്ടൊ പങ്കുവെച്ച് ഹൈബി ഈഡന്. ഫേസ്ബുക്കിലാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.
ഇത്രയും ആളുകളെ വിളിച്ചുവരുത്തി പരിപാടി സംഘടിപ്പിച്ചത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയാണെന്നും, അമ്മ സംഘടനാ ഭാരവാഹികള്‍ക്കെതിരെ കേസെടുക്കണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്നത്.
പുതിയ കെട്ടിടത്തിലെ എസി ഹോളിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ചടങ്ങില്‍ 150ലധികം ആളുകള്‍ പങ്കെടുത്തിരുന്നു. മാത്രമല്ല ചടങ്ങിനെത്തിയ താരങ്ങളെ കാണാന്‍ കെട്ടിടത്തിന് പുറത്ത് പൊതുജനം തടിച്ച് കൂടിയിരുന്നു. അതിനാല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കൊച്ചി ഡിസിപിക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്.
ഫെബ്രുവരി 6ന് ആയിരുന്നു ‘അമ്മ’യുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് നടന്നത്. മലയാളത്തിലെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് അമ്മയുടെ പുതിയ ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്തത്. എറണാകുളം കലൂരാണ് 10 കോടിയോളം രൂപ മുടക്കി അത്യാധുനിക സജ്ജീകരണങ്ങളോടെ കെട്ടിടം ഉയര്‍ന്നിട്ടുള്ളത്. ചടങ്ങിനിടെ 135ഓളം താരങ്ങളെ അണിനിരത്തി ട്വന്റി-20 മോഡല്‍ സിനിമ ഉടന്‍ തുടങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, യൂത്ത് കോണ്‍ഗ്രസിന്റെ പരാതിക്ക് പിന്നാലെ യോഗത്തിലെ ഫോട്ടോ പങ്കുവച്ച് ഹൈബി ഈഡന്.
‘താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരം കലൂര്‍ ദേശാഭിമാനി റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തില്‍, ഏറെ നാളുകള്‍ക്ക് ശേഷമാണ് സിനിമ രംഗത്തെ സുഹൃത്തുക്കളെ ഒരുമിച്ച് കാണാന്‍ സാധിച്ചത്. ഏറെ സന്തോഷം.’
എന്ന ക്യാപ്ഷന്‍ സഹിതമാണ് ഹൈബി യോഗത്തില്‍ സംസാരിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചത്.
താങ്കള്‍ പങ്കെടുത്ത യോഗത്തിലെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത് അറിഞ്ഞില്ലേയെന്നാണ് ഫേസ്ബുക്കിലെ കോണ്‍ഗ്രസ് അനുഭാവികള്‍ ഹൈബിയോട് ചോദിക്കുന്നത്.