ചേലക്കര: തായമ്പക അരങ്ങേറ്റത്തില്‍ ഏവരെയും വിസ്മയിപ്പിച്ച് കൊട്ടിക്കയറുകയായിരുന്നു പുലാക്കോട് കണ്ടംകുമരത്ത് മണികണ്ഠന്റെ മകള്‍ 11കാരിയായ രശ്മി. ജന്മനാ കാഴ്ച ശക്തിയില്ലാത്ത രശ്മി അച്ഛനില്‍ നിന്നു തായമ്പക താളങ്ങള്‍ കേട്ടു പഠിച്ചാണ് രശ്മി അരങ്ങേറ്റത്തിനെത്തിയത്.
ചെണ്ട കലാകാരനായ മണികണ്ഠന് മകളുടെ താള ബോധം തിരിച്ചറിഞ്ഞതോടെ 10 മാസം മുന്‍പാണു ചെണ്ട പഠനം തുടങ്ങിയത്. കൊവിഡ് കാലത്ത് ഉത്സവങ്ങളില്ലാതായതിനാല് മകളെ ചെണ്ട അഭ്യസിപ്പിക്കാന്‍ മണികണ്ഠനു കൂടുതല്‍ സമയവും കിട്ടി.
അച്ഛന് പറഞ്ഞു പഠിപ്പിച്ച താളങ്ങള്‍ ആദ്യം കല്ലിലും പിന്നീട് ചെണ്ടയിലും രശ്മി കൊട്ടി തെളിയുകയും ചെയ്തു. പുലാക്കോട് കാര്‍ത്യായനി ഭഗവതി ക്ഷേത്രത്തില്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു അരങ്ങേറ്റം. ഡോ സതീഷ് പരമേശ്വരന് ഭദ്രദീപം കൊളുത്തി. അത്താണി ജെഎംജെ സ്കൂളില്‍ 6ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് രശ്മി.