കോതമംഗലം: ആള്പൊക്കത്തില് വളര്‍ന്ന ഭീമന് വളര്‍ത്ത് മത്സ്യം കൗതുകമാവുന്നു. 100 കിലോയിലേറെ തൂക്കവും 6.75 അടി നീളവുമുണ്ട് ഈ വമ്പന്‍ മീനിന്.
പോത്താനിക്കാട്ട് ജോര്‍ജ് ആന്റണിയുടെ നാടുകാണിയിലുള്ള ഫാമിലാണ് ഇതിനെ വളര്‍ത്തിയത്. ആമസോണ്‍ ജലാശയത്തില്‍ കാണുന്ന ‘അരാപൈമ ജിജാസ്’ മത്സ്യമാണിത്. ഏഴു വര്‍ഷം മുമ്പ് തൃശ്ശൂര്‍ സ്വദേശിയില്‍നിന്ന് ആന്റണി വാങ്ങിയതാണ്. നാടുകാണിയിലെ ഫാം കുളത്തിലാണ് മീനിനെ വളര്‍ത്തിയത്.
മത്തിയാണ് വമ്പന്‍ മീനിന്റെ ഇഷ്ട ആഹാരം. ദിവസേന രണ്ടു കിലോ മത്തിയാണ് മീനിന്റെ ഭക്ഷണം. വളരെ ഇണക്കമുള്ളതാണ് മീന്‍. തല ഭാഗം ഇരുണ്ട നിറവും ഉടല് ചുവപ്പ് കലര്‍ന്നതുമായ മനോഹരമായ മത്സ്യമാണ്. വളര്‍ത്തിയിരുന്ന കുളം പോരാതെ വന്നപ്പോള്‍ മറ്റൊരാള്‍ക്ക് വിറ്റിരുന്നു. ഫൈബറില്‍ തീര്‍ത്ത പ്രത്യേക ടാങ്കില്‍ മിനിലോറിയില്‍ കൊണ്ടു പോകുന്നതിനിടെ മീന്‍ ചത്തുപോയി. ടാങ്കില്‍ ഒതുങ്ങാതെ വന്നതാണ് കാരണമെന്ന് ആന്റണി പറഞ്ഞു.
മീനിന് കുളം പോരാതെ വന്നപ്പോള്‍ ഭൂതത്താന്‍കെട്ടിലെ പെരിയാര്‍വാലി വൃഷ്ടിപ്രദേശത്ത് പ്രത്യേകം സംരക്ഷിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ സമീപത്തെ കലുങ്ക് ഇടിഞ്ഞതോടെയാണ് കാര്യങ്ങള്‍ നടക്കാതെ പോയത്. മീന്കുഞ്ഞിനു തന്നെ വില 5,000 രൂപയാണ്.
അരാപൈമയുടെ ഇറച്ചി സ്വാദിഷ്ടമാണെന്ന് ആന്റണി പറഞ്ഞു. വിദേശ മാര്‍ക്കറ്റുകളില്‍ വലിയ വിലയുള്ളതാണ് അരാപൈമയുടെ തുകല്‍. വിലപിടിപ്പുള്ള ബെല്‍റ്റും ചെരിപ്പുമെല്ലാം നിര്‍മിക്കാന്‍ ഈ മത്സ്യത്തിന്റെ തുകല്‍ ഉപയോഗിക്കുന്നു. പത്ത് അടി നീളത്തില്‍ വരെ ഈ മത്സ്യം വളരും. 200 കിലോ വരെ ഭാരം വയ്ക്കുമെന്നും ആന്റണി പറഞ്ഞു.